വടക്കാഞ്ചേരി: നഗരസഭയുടെ കീഴിലുള്ള ആരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തിൽ മൂന്നിടങ്ങളിലായി പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിച്ച് ദിവസം ഏറ്റവും കുറഞ്ഞത് 1000ത്തോളം പരിശോധനകൾ നടത്തി കൊവിഡ് വ്യാപനം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ചെയർമാൻ പി.എൻ സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. അതിതീവ്ര വ്യാപനമുള്ള പ്രദേശങ്ങളെ കണ്ടെത്തി മൈക്രോ കണ്ടെയ്‌മെന്റ് സോണുകളാക്കി മാറ്റി വ്യാപന തീവ്രത കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കും. നഗരസഭാ പരിധിയിൽ കൊവിഡ് ടി.പി.ആർ നിരക്ക് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് യോഗം ചേർന്നത്. നഗരസഭാ വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ ഒ.ആർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ആർ അനൂപ് കിഷോർ, പി.ആർ അരവിന്ദാക്ഷൻ, ജമീലാബി.എ.എം, സ്വപ്ന ശശി, സി.വി മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.