പാവറട്ടി: കൊവിഡ് മഹാമാരിയുടെ കാലഘട്ടത്തിലും അവഗണനയുടെ പത്മവ്യൂഹത്തിൽ അകപ്പെട്ട് കിടക്കുകയാണ് മുസ്ലിം സ്‌കൂളുകൾ എന്നറിയപ്പെടുന്ന ഒരു വിഭാഗം വിദ്യാലയങ്ങൾ. മുസ്ലിം മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കുന്നതിനായി ബ്രിട്ടീഷ് സർക്കാർ സ്ഥാപിച്ച വിദ്യാലയങ്ങളാണ് മാപ്പിള സ്‌കൂളുകൾ അഥവാ മുസ്ലിം സ്‌കൂളുകൾ. സായിപ്പ് സ്ഥലം വിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഈ വിദ്യാലയങ്ങൾ പലതും ഇപ്പോഴും തത്സ്ഥിതിയിലാണ്. തങ്ങളുടെ വിദ്യാലയങ്ങൾ പൊതുവിദ്യാലയങ്ങൾ ആക്കണമെന്ന വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും മുറവിളി കേൾക്കാൻ ആരുമില്ലാതെ വായുവിൽ ലയിക്കുകയാണ്.
ഇത്തരം വിദ്യാലയങ്ങളിൽ വെള്ളിയാഴ്ചയാണ് പ്രതിവാര അവധിദിനം. ജുമുഅ പ്രാർത്ഥന കണക്കിലെടുത്താണിത്. അതോടൊപ്പം നോമ്പ് കാലത്ത് ഒരു മാസം സ്‌കൂളുകൾ അടച്ചിടുകയും ചെയ്യും. പകരം ചുട്ടുപൊള്ളുന്ന ഏപ്രിൽ മാസത്തിലാണ് ക്ലാസ് നടക്കുക. പൊതുവിദ്യാലയങ്ങളിൽ നിന്ന് വ്യത്യസ്തമായ കലണ്ടർ ആയതിനാൽ ഇത്തരം വിദ്യാലയങ്ങൾക്കു വേണ്ടി പരീക്ഷകൾ പ്രത്യേകമായി നടത്തണം. ഇതിനുവേണ്ടി ലക്ഷക്കണക്കിന് രൂപ സർക്കാർ ചെലവഴിച്ചു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ നിരവധി മാപ്പിള വിദ്യാലയങ്ങൾ ജനറൽ കലണ്ടറിലേക്ക് മാറിയിട്ടുണ്ട് എന്നത് ശുഭപ്രതീക്ഷ നൽകുന്നുണ്ട്. ഇതുസംബന്ധിച്ച് തീരുമാനമെടുത്ത പി.ടി.എ മീറ്റിംഗിന്റെ പകർപ്പ് സഹിതം സർക്കാരിലേക്ക് അപേക്ഷിച്ചാൽ കലണ്ടർ മാറ്റിക്കിട്ടുമെന്നാണ് ചട്ടം. പക്ഷെ പല അപേക്ഷകളും ചുവപ്പു നാടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഒരുവിഭാഗം സംഘടനകളുടെ ഇടപെടൽ കാരണമാണ് ഇതെന്നാണ് ആരോപണം. ചില സ്ഥലങ്ങളിൽ ഇവരുടെ ഭീഷണി കാരണം തീരുമാനമെടുക്കാൻ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും വിമുഖത പ്രകടിപ്പിക്കുകയാണ്. പ്രമുഖ മുസ്ലിം സംഘടനകൾ പക്ഷെ പരസ്യമായി എതിർപ്പ് പ്രകടിപ്പിക്കാറില്ല. മുസ്ലിം മാനേജ്‌മെന്റിന് കീഴിലുള്ള സ്വകാര്യ വിദ്യാലയങ്ങൾ പൊതുകലണ്ടറാണ് പിന്തുടരുന്നത് എന്നും ഓർക്കണം.
പൊന്നാനിയിൽ മുഴുവൻ മുസ്‌ലിം വിദ്യാലയങ്ങളും ജനറൽ കലണ്ടറിലേക്ക് മാറിയിട്ട് ഏതാണ്ട് ഒരു വ്യാഴവട്ടമായി. ഹെഡ്മാസ്റ്റേഴ്‌സ് ഫോറമാണ് ഇതിന് മുൻകയ്യെടുത്തത്. എ.ഇ.ഒ ഓഫീസ്, യു.ആർ.സി തുടങ്ങിയ സർക്കാർ സംവിധാനങ്ങളും വിവിധ മുസ്ലിം മാനേജ്‌മെന്റുകളും ഒപ്പം നിന്നതോടെയാണ് പരിശ്രമം വിജയിച്ചത്.
ബ്രിട്ടീഷ് സർക്കാർ സ്ഥാപിച്ച ഹരിജൻ വെൽഫെയർ സ്‌കൂളുകൾ ഒരൊറ്റ സർക്കാർ വിജ്ഞാപനത്തിലൂടെ പൊതുവിദ്യാലയങ്ങളായി മാറി. ഇതുപോലെ മുഴുവൻ മാപ്പിള വിദ്യാലയങ്ങളും പൊതുവിദ്യാലയങ്ങളാക്കി മാറ്റണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.