കൊടുങ്ങല്ലൂർ: ഏറെ വിമർശനങ്ങൾക്കൊടുവിൽ ചന്തപ്പുര - കോട്ടപ്പുറം ബൈപ്പാസ് റോഡിലെ കുഴികൾ അടച്ചു തുടങ്ങി. ചൊവ്വാഴ്ച രാവിലെ മുതലാണ് കുഴികൾ അടച്ച് തുടങ്ങിയത്. കരാർ ഏറ്റെടുത്ത വടക്കെ ഇന്ത്യയിലെ ജി.ആർ കമ്പനിയിൽ നിന്നും സബ് കരാർ എടുത്ത കണ്ണൂരിലെ ഒരു വ്യക്തിയാണ് നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചിട്ടുള്ളത്.
മൂന്നര കിലോമീറ്റർ ദൂരം വരുന്ന ബൈപ്പാസിന്റെ ചന്തപ്പുര ഭാഗത്തുനിന്നുമാണ് നിർമ്മാണ ജോലികൾ ആരംഭിച്ചിട്ടുള്ളത്. പുനർനിർമ്മാണം പൂർത്തീകരിക്കാൻ രണ്ട് ദിവസമെടുക്കുമെന്നാണ് പറയുന്നത്. മഴ ശക്തമായതോടെയാണ് വലിയ കുഴികൾ രൂപപ്പെട്ടത്.
കുഴികളിൽ വീണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. 32 വാഹനങ്ങൾ കേടുവരികയും യാത്രക്കാർക്ക് തടസങ്ങൾ ഉണ്ടാവുകയു ചെയ്തിട്ടുണ്ട്. കുഴികൾ അടക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ നിരവധി സമരങ്ങളും അരങ്ങേറിയിരുന്നു. സ്ഥലം എം.പിയായ ബെന്നി ബെഹ്നാനും നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചിരുന്നു. കുഴികളടയ്ക്കാർ 44 ലക്ഷം രൂപയ്ക്ക് ടെൻഡർ നടപടികൾ പൂർത്തികരിച്ച് ഒരാഴ്ചക്കകം പരിഹാരം കാണുമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും പിന്നെയും പ്രവൃത്തികൾ നീണ്ടുപോവുകയായിരുന്നു.
കൊടുങ്ങല്ലൂർ ബൈപ്പാസിൽ കുഴികൾ അടക്കുന്നു.