കോടാലി: കോടാലിയിൽ മൂന്ന് കടകൾ പൂർണമായും കത്തിനശിച്ചു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. കോടാലിയിൽ പ്രധാന റോഡിൽ ആശുപത്രി കവലയ്ക്ക് സമീപം പഞ്ചായത്ത് മൈതാനിയിലേക്ക് തിരിയുന്നിടത്തുള്ള മുരിക്കിങ്ങൽ പെരുന്തട്ടാൻ പറമ്പിൽ ബാബുവിന്റെ ഫാൻസി കട, പോത്തഞ്ചിറ സ്വദേശി രതീഷിന്റെ പച്ചക്കറി കട, പുത്തൻവേലിക്കര സ്വദേശി മനീഷിന്റെ സ്റ്റേഷനറി കട എന്നിവയാണ് കത്തിനശിച്ചത്. സ്വകാര്യ വ്യക്തിയുടെ വളപ്പിൽ വാടകക്കെടുത്ത സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റുകളും മറ്റും ഉപയോഗിച്ച് നിർമ്മിച്ച താത്കാലിക ഷെഡ്ഡുകളിലായിരുന്നു കടകൾ പ്രവർത്തിച്ചിരുന്നത്. കടയിൽ കിടന്നുറങ്ങിയിരുന്ന മനീഷ് രാത്രിയിൽ തീപിടുത്തം കണ്ട് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. ബാബുവിന്റെ കടയിൽ ഉണ്ടായിരുന്ന സാധനങ്ങൾക്ക് പുറമെ ജനറേറ്ററും കത്തിനശിച്ചു. പുതുക്കാട് നിന്നും അഗ്‌നി രക്ഷാസേനയെത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബാബുവിന് മാത്രം 7 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. രതീഷിന്റെ 50,000 ത്തോളം രൂപയുടെയും മനീഷിന്റെ 2 ലക്ഷത്തോളം രൂപയുടെയും വസ്തുക്കൾ തീയിൽ കത്തി നശിച്ചു. കടയിലുണ്ടായിരുന്ന 2000 ത്തോളം രൂപയും കത്തിനശിച്ചു.