തൃശൂർ : കൊവിഡ് വ്യാപനം പിടിവിട്ട നിലയിലേക്കുയരുന്നതിനിടെ പോസിറ്റിവിറ്റി കുറയ്ക്കാൻ കിണഞ്ഞ് പരിശ്രമിച്ച് ആരോഗ്യ വകുപ്പ് അധികൃതർ. ഈ മാസത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്കാണ് ഇന്നലത്തേത്. 17,797 പേരെ പരിശോധിച്ചതിൽ 2,623 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയതോടെ രോഗികളുടെ എണ്ണവും വർദ്ധിച്ചു.
അരിമ്പൂർ പഞ്ചായത്തിൽ ഇന്നലെ കൊവിഡ് പരിശോധന നടത്തിയവരിൽ അമ്പത് ശതമാനത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചത് ഏറെ ആശങ്കയാണ് ഉയർത്തുന്നത്. 51.59 ശതമാനമാണ് അവിടെ പോസിറ്റിവിറ്റി നിരക്ക്. 126 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ 65 പേർക്കും രോഗം സ്ഥിരീകരിച്ചു.
പുന്നയൂർ പഞ്ചായത്തിൽ 42 ശതമാനത്തിന് മുകളിലെത്തി.
94 തദ്ദേശ സ്ഥാപനങ്ങളിൽ എട്ടിടത്ത് മാത്രമാണ് അഞ്ചിൽ താഴെയാണ് പോസിറ്റിവിറ്റി നിരക്ക്. തൃശൂർ കോർപറേഷൻ പരിധിയിലാണ് ഏറ്റവും കൂടുതൽ പരിശോധന നടന്നത്. 2,356 പേരെ പരിശോധിച്ചതിൽ 333 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 14.13 ആണ് ഇവിടെ പോസിറ്റിവിറ്റി. ഇന്ന് വാരാവലോകനം വരാനിരിക്കെ കഴിഞ്ഞ ആഴ്ചയിലേക്കാൾ ഇരട്ടിയിലേറെ തദ്ദേശസ്ഥാപനങ്ങളിൽ കടുത്ത നിയന്ത്രണം ഉണ്ടായേക്കുമെന്നാണ് കഴിഞ്ഞ ഒരാഴ്ചയിലെ കൊവിഡ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പരിശോധനയ്‌ക്കെത്താൻ വിമുഖത
കൊവിഡ് പരിശോധനയുടെ എണ്ണം കൂട്ടിയ സാഹചര്യത്തിൽ വാർഡ് തലത്തിൽ പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ആരും പങ്കെടുക്കുന്നില്ലെന്നാണ് ആക്ഷേപം. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾ, ആർ.ആർ.ടി അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരെല്ലാം കൊവിഡ് പരിശോധനാ ക്യാമ്പുകളിൽ പങ്കെടുക്കണമെന്ന് നിർദ്ദേശമുണ്ട്. എന്നാൽ ആശാ വർക്കർമാരും വാർഡ് അംഗങ്ങളും കിണഞ്ഞ് പരിശ്രമിച്ചിട്ടും ഇവരെയൊന്നും പങ്കെടുപ്പിക്കാൻ സാധിക്കാത്ത സ്ഥിതി വിശേഷമാണുള്ളത്.
തൊഴിലുറപ്പ് തൊഴിലാളികൾക്ക് താക്കീത്
പരിശോധനാ ക്യാമ്പുകളിൽ പങ്കെടുത്തില്ലെങ്കിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ അടുത്ത ആഴ്ചത്തെ മസ്റ്റ് റോളിൽ പേര് ചേർക്കില്ലെന്ന താക്കീത് ചെയ്താണ് ഇവരെ ക്യാമ്പുകളിലെത്തിക്കുന്നത്. എന്നാൽ ഭൂരിഭാഗം തൊഴിലുറപ്പ് തൊഴിലാളികളും രണ്ട് ഡോസ് വാക്‌സിൻ എടുത്തവരും യാതൊരു വിധ ലക്ഷണങ്ങളും ഇല്ലാത്തവരുമാണ്. എന്നാൽ നിർബന്ധപൂർവ്വം ഇവരെ ക്യാമ്പുകളിലെത്തിച്ച് പരിശോധന നടത്തുന്നത്. ഇത് പല സ്ഥലങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.