ചാലക്കുടി: താലൂക്ക് ആശുപത്രിയിലെ ആർ.ടി.പി.സി.ആർ മെഷിൻ ടെസ്റ്റ് പുനഃരാരംഭിക്കണമെന്ന് ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭാവനയായി ലഭിച്ച ഒരു കോടിയിൽപരംരൂപ വിലവരുന്ന മെഷിൻ കിറ്റുകൾ ലഭ്യമല്ല എന്ന കാരണത്താൽ പ്രവർത്തിക്കാതിരിക്കുകയാണ്. സ്വാബുകൾ ഇപ്പോഴും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് അയക്കുന്നത്. ചാലക്കുടി നഗരസഭ ഭരണ സമതിയുടെ ഉദാസീനതയാണ് ഇതിനിടയാക്കിയത്. ആപ്രാൺ പദ്ധതിപ്രകാരം ലക്ഷക്കണക്കിന് രൂപ നഗരസഭ സമാഹരിച്ചെങ്കിലും അത് ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിൽ ചെയർമാനും കൂട്ടരും പരാജയപ്പെട്ടുവെന്ന് യോഗം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത് അദ്ധ്യക്ഷനായി. സെക്രട്ടറി കെ.പി ജോണി, നഗരസഭ കൗൺസിലർ വത്‌സൻ ചമ്പക്കര, കെ.ബി ഉണ്ണികൃഷ്ണൻ, ടി.പി ജോസ്, അമ്പാടി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.