തൃശൂർ : ഏറെ നാളത്തെ കാത്തിരിപ്പിനും വിവാദങ്ങളും പ്രതിസന്ധികളും തരണം ചെയ്ത ശേഷം കുതിരാൻ ടണൽ യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നു. ദേശീയ പാതയിലെ ഗതാഗത കുരുക്കിന് ഒരു പരിധി വരെ ആശ്വാസം നൽകുന്ന ടണലുകളിൽ ഒരെണ്ണം ഓഗസ്റ്റ് ഒന്നിന് തന്നെ തുറന്ന് കൊടുക്കാനുള്ള ഊർജ്ജിതമായ പ്രവർത്തനമാണ് നടക്കുന്നത്. അവസാനവട്ട മിനുക്ക് പണികൾ മാത്രമാണ് ഇനി ബാക്കിയുള്ളതെന്ന് ദേശീയപാത കരാർ കമ്പനിക്കാരായ കെ.എം.സി അധികൃർ ബന്ധപ്പെട്ടവരെ അറിയിച്ചു. ടണലിന് പുറത്തുള്ള പ്രവർത്തനമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ടണലിനുള്ളിലെ ക്ലീനിംഗ് പ്രവർത്തനങ്ങൾ അടുത്ത ദിവസം ആരംഭിക്കും. ടണലിന് മുന്നിലെ അപ്രോച്ച് റോഡിന്റെ ടാറിംഗ് ഇന്ന് പുലർച്ചയോടെ പൂർത്തിയായി. ട്രാഫിക് സിഗ്നൽ സ്ഥാപിക്കാനുള്ള പ്രവർത്തനം ഇന്ന് നട
ക്കും. കുതിരാൻ മലയിൽ നിന്ന് മഴവെള്ളം ടണലിന്റെ പാതയിലേക്ക് കുത്തിയൊഴുകാതിരിക്കാൻ വിപുലമായ സംവിധാനമാണ് തയ്യാറാക്കിയിരുന്നത്. പാലക്കാട് ഭാഗത്ത് മണ്ണിടിച്ചിൽ തടയുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അതേ സമയം തൃശൂർ ഭാഗത്ത് നിന്ന് ടണലിന് ഉള്ളിലേക്ക് വരുന്ന ഭാഗത്ത് സൂരക്ഷ സംവിധാനത്തിൽ അൽപ്പം ആശങ്ക കരാർ കമ്പനികാർ തന്നെ പങ്കുവെയ്കുന്നുണ്ട്. 1200 ലൈറ്റുകളാണ് ടണലിന് ഉള്ളിൽ സ്ഥാപിച്ചിരിക്കുന്നത്. രണ്ടാം ടണലിന്റെ പ്രവർത്തനവും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഇതിന്റെ പ്രവർത്തനം പൂർത്തിയായാൽ കൂടുതൽ മോടി പിടിപ്പിക്കുന്ന പ്രവർത്തനം നടത്താൻ സാധിക്കുവെന്നാണ് അധികൃതർ പറയുന്നു. പാലക്കാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളാണ് വൺവേ സമ്പ്രദായത്തിൽ കടത്തിവിടുക. ഇരുമ്പുപ്പാലം വഴി കുതിരാൻ ക്ഷേത്രത്തിന് സമീപത്ത് കൂടി പോകുന്നതിനേക്കാൾ ടണലിലൂടെ യാത്ര ചെയ്താൽ ഒന്നര കിലോമീറ്റർ ലാഭിക്കാം. അതിനേക്കാൾ എറ്റവും കൂടുതൽ ഗുണം ലഭിക്കുന്നത് കുരുക്കിൽ നിന്ന് മോചനവും സമയലാഭവുമാണ്. 29 ന് അവസാന വട്ട ട്രയൽ നടത്തിയതിന് ശേഷമായിരിക്കും ഓഗസ്റ്റ് ഒന്നിന് തുറന്നു കൊടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈകൊള്ളുക. അടുത്ത ദിവസങ്ങളിൽ ജില്ലാ കളക്ടർ ഹരിത.വി.കുമാർ, മുൻ ജില്ലാ കളക്ടർ എസ്.ഷാനവാസ്, ദേശീയപാത അധികൃതർ എന്നിവർ ടണൽ സന്ദർശിച്ച് നിർമ്മാണ പ്രവർത്തനം വിലയിരുത്തും.