മാള: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൂജയുടെ പേരിൽ പീഡിപ്പിച്ച കേസിൽ കുണ്ടൂർ മഠത്തിലാൽ മുത്തപ്പൻ കാവ് അയ്യപ്പൻ ക്ഷേത്രത്തിലെ മഠാധിപതി മാള കുണ്ടൂർ സ്വദേശി കള്ളിയാട്ടുതറ രാജീവ് (39) അറസ്റ്റിലായി. ചൈൽഡ് ലൈനിലും പൊലീസിലും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി മാള സി.ഐ. സജിൻ ശശി അറസ്റ്റ് ചെയ്തത്.
ഇയാൾ കൂടുതൽ പേരെ പീഡിപ്പിച്ചിട്ടുള്ളതായാണ് പൊലീസിന് ലഭിച്ച സൂചന. ശാരീരിക പ്രയാസം, സാമ്പത്തിക ബുദ്ധിമുട്ട്, കുടുംബ പ്രശ്‌നങ്ങൾ തുടങ്ങിയവ പരിഹരിക്കുന്നതിന് നിരവധി പേരാണ് മഠത്തിൽ എത്താറുള്ളത്. നാണയം ഉപയോഗിച്ചുള്ള പ്രത്യേക തരം പൂജയാണ് ഇവിടെ നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.. ആദ്യം കുടുംബമടക്കം വരുന്ന സ്ത്രീകളെ എല്ലാവരെയും കണ്ണടച്ച് ധ്യാനിപ്പിച്ച ശേഷം, നാണയം സ്ത്രീയുടെ ശരീരത്തിൽ വച്ച് തലോടി പ്രാർത്ഥിക്കും. പിന്നീട് നാണയ പ്രാർത്ഥനയുടെ ഭാവം മാറ്റും. ആദ്യം ഒരുമിച്ച് വരുത്തിയ ശേഷം പിന്നീടുള്ള ദിവസങ്ങളിൽ തനിച്ചാക്കും. ഇത്തരത്തിൽ നിരവധി സ്ത്രീകളെ പീഡിപ്പിച്ചതായി അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്.