covid

മൂന്ന് നഗരസഭകളിൽ ട്രിപ്പിൾ ലോക്കും നാലിടത്ത് ലോക്ക്ഡൗണും

തൃശൂർ: ജില്ലയിൽ വീണ്ടും അപായ സൂചന മുഴക്കി കൊവിഡ് വ്യാപനം. ജില്ലയിലെ പകുതിയോളം പഞ്ചായത്തുകളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ. ജില്ലയിലെ ആകെയുള്ള 94 തദ്ദേശ സ്ഥാപനങ്ങളിൽ 46 ഇടത്ത് ട്രിപ്പിൾ ലോക്കും 31 ഇടത്ത് ലോക്ക് ഡൗണിലുമായി കഴിഞ്ഞു. ഇതേ തുടർന്ന് ഇന്ന് മുതൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും.

ഓരോ ആഴ്ച ചെല്ലും തോറും കൊവിഡ് നിയന്ത്രണം കൂടുതൽ കടുപ്പിക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. എ,ബി,സി,ഡി കാറ്റഗറിയിൽ എ കാറ്റഗറി പ്രകാരമുള്ള ഇളവുകൾ ഉള്ളത് മൂന്നിടത്ത് മാത്രമാണ്. ജില്ലയിൽ 33.33 ശതമാനമുള്ള പുന്നയൂരാണ് എറ്റവും കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പരിയാരം പഞ്ചായത്തിലും 30ന് മുകളിലാണ് ടി.പി.ആർ. ഏറിയാട്, അരിമ്പൂർ, തളിക്കുളം, പാണഞ്ചേരി പഞ്ചായത്തുകളിൽ 25ന് മുകളിൽ എത്തി. കൊടുങ്ങല്ലൂർ, ചാലക്കുടി, വടക്കാഞ്ചേരി നഗരസഭകളും ട്രിപ്പിൾ ലോക്ക് പരിധിയിലാണ്. കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിൽ ഏറ്റവും കുറവുള്ളത് 15.37 ടി.പി.ആർ നിരക്കുള്ള മറ്റത്തൂർ പഞ്ചായത്തിലാണ്. ജില്ലയിലെ പല തദ്ദേശ സ്ഥാപനങ്ങളും ഒരു മാസത്തോളമായി ട്രിപ്പിൾ ലോക്ക് ഡൗണിലാണ്.

കോർപറേഷൻ പരിധി ലോക്ക്ഡൗണിൽ
കോർപറേഷനും ചാവക്കാട്, ഇരിങ്ങാലക്കുട, ഗുരുവായൂർ, കുന്നംകുളം നഗരസഭകളിലും ഇന്ന് മുതൽ ലോക്ക്ഡൗൺ പരിധിയിലാണ്. കോർപറേഷൻ പരിധിയിൽ 11.90 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി. ഇതോടെ ഇന്ന് മുതൽ ശക്തമായ നിയന്ത്രണം എർപ്പെടുത്തും.

തദ്ദേശ സ്ഥാപനങ്ങളിൽ

ട്രിപ്പിൾ ലോക്ക്ഡൗൺ - 46
ലോക്ക്ഡൗൺ -31
ഭാഗിക ലോക്ക്ഡൗൺ- 14
ഇളവുകൾ - 3


ഓണ വിപണി തകർന്നടിയും, വ്യാപാരികൾ ആശങ്കയിൽ

കോർപറേഷൻ പരിധിയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ ആശങ്കയിലായത് വ്യാപാരികളാണ്. ഓണമടുത്തതോടെ കച്ചവടത്തിൽ നേരിയ പുരോഗതി ലഭിക്കുമെന്ന പ്രത്യാശയിലായിരുന്നു. എന്നാൽ ഒരാഴ്ച്ചക്കാലം നിയന്ത്രണം വന്നാൽ നടുവൊടിയുമെന്ന് വ്യാപാരികൾ പറഞ്ഞു. ഇനി അടുത്ത ബുധനാഴ്ച്ച അവലോകനം നടത്തി ടി.പി.ആർ കുറഞ്ഞെങ്കിൽ മാത്രമായിരിക്കും നിയന്ത്രണം പിൻവലിക്കുക. വസ്ത്രവ്യാപാര മേഖലകളിൽ ഉള്ളവരും മറ്റുള്ള കച്ചവടക്കാരും ഓണവിപണി ലക്ഷ്യമാക്കി കൂടുതൽ സ്റ്റോക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. പലരും സാധനങ്ങൾ എത്തിച്ച് കഴിഞ്ഞു.

ട്രിപ്പിൾ ലോക്ക് ഏർപ്പെടുത്തിയവ
പുന്നയൂർ, പരിയാരം, ഏറിയാട്, അരിമ്പൂർ, തളിക്കുളം, പാണഞ്ചേരി, കടപ്പുറം, ഏരുമപ്പെട്ടി, കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി, ചൂണ്ടൽ, വെങ്കിടങ്ങ്, മുല്ലശേരി, കയ്പ്പമംഗലം, വാടാനപ്പള്ളി, നാട്ടിക, ചാഴൂർ, വടക്കാഞ്ചേരി നഗരസഭ, അന്തിക്കാട്, കൊരട്ടി, അവണിശേരി, ചേർപ്പ്, നടത്തറ, കോടശേരി, വരന്തരപ്പിള്ളി, മുരിയാട്, മതിലകം, പടിയൂർ, പെരിഞ്ഞനം, മനലൂർ, വരവൂർ, ദേശമംഗലം, പാറളം, വലപ്പാട്, എങ്ങണ്ടിയൂർ, പഴയന്നൂർ, എടത്തിരുത്തി, പാഞ്ഞാൾ, ശ്രീനാരായണപുരം, ചേലക്കര, കാട്ടകാമ്പൽ, വെള്ളാങ്കല്ലൂർ, കടങ്ങോട്, കാടുകുറ്റി, ചാലക്കുടി മുനിസിപ്പാലിറ്റി, വല്ലച്ചിറ, മറ്റത്തൂർ.

ലോക്ക്ഡൗൺ
കുന്നംകുളം നഗരസഭ, ചൊവ്വന്നൂർ, എടവിലങ്ങ്, ചാവക്കാട് നഗരസഭ, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, തൃക്കൂർ, താന്ന്യം, പുന്നയൂർക്കുളം, പുത്തൂർ, തെക്കുംകര, പാവറട്ടി, പുതുക്കാട്, കോലഴി, ഗുരുവായൂർ നഗരസഭ, അടാട്ട്, അവണൂർ, മാടക്കത്തറ, തൃശൂർ കോർപറേഷൻ, കോടകര, ഒരുമനയൂർ, പുത്തൻച്ചിറ, അന്നമനട, ആളൂർ, തോളൂർ, വേളൂക്കര, കുഴൂർ, മുള്ളൂർക്കര, വള്ളത്തോൾ നഗർ, മുളങ്കുന്നത്ത്കാവ്, മേലൂർ, പൊയ്യ.

ഭാഗിക ഇളവുകൾ
പറപ്പുക്കര, എളവള്ളി, വേലൂർ, കടവല്ലൂർ, കണ്ടാണശേരി, കൈപറമ്പ്, കാട്ടൂർ, തിരുവില്വാമല, മാള, പോർക്കുളം, വടക്കേക്കാട്, അളഗപ്പനഗർ, നെന്മണിക്കര, കാറളം.

ഇളവുകൾ
പൂമംഗലം, കോണ്ടാഴി, അതിരപ്പിള്ളി