karuvannur

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ നാല് പ്രധാന പ്രതികൾ പാർട്ടിയുടെ മതിപ്പ് കിട്ടാൻ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 40 വാഹനങ്ങളും വൻതുകയും പാർട്ടി ആവശ്യപ്പെടാതെ തന്നെ സംഭാവന നൽകിയെന്ന് ആക്ഷേപം.
മുൻ ബാങ്ക് സെക്രട്ടറിയും പൊറത്തിശേരി ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന ടി.ആർ. സുനിൽകുമാർ, മുൻ ബ്രാഞ്ച് മാനേജറും കരുവന്നൂർ ലോക്കൽ കമ്മിറ്റിയംഗമായിരുന്ന ബിജു കരീം, മുൻ അക്കൗണ്ടന്റ് തൊടുപറമ്പ് ബ്രാഞ്ച് അംഗവുമായിരുന്ന സി.കെ ജിൽസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പാർട്ടിയെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ. വായ്പാതട്ടിപ്പിൽ നിന്ന് കിട്ടിയ പണമാണ് ഇതിന് ഉപയോഗിച്ചതെന്നാണ് വിവരം.

അതിനാൽ തട്ടിപ്പ് സംബന്ധിച്ച് പ്രാദേശിക നേതാക്കളുടെ പ്രതിഷേധവും പരാതിയും ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾ ഗൗനിച്ചില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബിജോൺ നൽകിയ അന്വേഷണ റിപ്പോർട്ടിൽ നടപടി ഉണ്ടാവാതിരുന്നതും അതിനാലാണെന്ന് പറയുന്നു. പരാതിക്കാരെ വി.എസ്. പക്ഷക്കാരാക്കി ചില നേതാക്കൾ ചിത്രീകരിച്ചു. മതത്തിന്റെ പരിഗണന നൽകി ബിജു കരീമിനെ സംരക്ഷിച്ചുവെന്നും ജില്ലയിലെ മറ്റൊരു പ്രധാന നേതാവിനെതിരെ പരാതിയുണ്ട്.