കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ വഴിയോര കച്ചവടക്കാരെ കുടിയൊഴിപ്പിക്കാൻ ശ്രമമെന്ന് പരാതി. വടക്കെ നടയിൽ മിനി സിവിൽ സ്റ്റേഷന് മുന്നിലുള്ള കച്ചവടക്കാരെയാണ് കുടിയൊഴിപ്പിക്കാൻ അധികൃതർ ശ്രമം നടത്തിയത്. പ്രതിഷേധമുയർന്നതിനെ തുടർന്ന് അധികൃതർ പിന്മാറി. മുന്നറിയിപ്പില്ലാതെ എത്തിയ നഗരസഭാ ഉദ്യോഗസ്ഥർ കടകൾക്ക് മുന്നിലുള്ള പ്ലാസ്റ്റിക് ഷീറ്റുകളും മറ്റും അഴിച്ചു നീക്കുകയും, സാധന സാമഗ്രികൾ ഉടൻ നീക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ജി.എസ് സുരേഷ് നഗരസഭാ അധികൃതരുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കൽ നിറുത്തി വയ്ക്കണമെന്നാവശ്യപ്പെട്ടു. സമ്മർദ്ദം ശക്തമായതിനെ തുടർന്ന് നഗരസഭാ ചെയർപേഴ്‌സൺ എം.യു ഷിനിജ ടീച്ചർ ഇടപെട്ട് കുടിയൊഴിപ്പിക്കൽ താത്കാലികമായി നിറുത്തിവപ്പിച്ചു. കാവിൽക്കടവ് മാർക്കറ്റ് കോംപ്ലക്‌സിലേക്ക് തെരുവോര കച്ചവടക്കാരെ മാറ്റുമെന്ന വാഗ്ദാനം നഗരസഭ പാലിക്കണമെന്നും, മാർക്കറ്റ് കോംപ്ലക്‌സിൽ അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ജി.എസ് സുരേഷ് ആവശ്യപ്പെട്ടു.