കൊടുങ്ങല്ലൂർ: കൊവിഡ് വ്യാപനം രൂക്ഷമായ നഗരസഭ പ്രദേശത്ത് അധികൃതർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നഗരസഭ ഹാളിൽ വിളിച്ചു ചേർത്ത വ്യാപാരി തൊഴിലാളി സംഘടനാ നേതാക്കൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് തീരുമാനം.
കോട്ടപ്പുറം മാർക്കറ്റിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ ജനങ്ങൾ കൂട്ടം കൂടുന്നതായി ആക്ഷേപമുയർന്ന സാഹചര്യത്തിലും മാർക്കറ്റിനോട് ചേർന്ന വാർഡുകളിൽ രോഗികളടെ എണ്ണം വർദ്ധിച്ചതിനാലും തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിൽ ചന്തയിൽ പൊലീസ്, സെക്ടറൽ മജിസ്‌ട്രേറ്റ് എന്നിവരുടെ നിരീക്ഷണമുണ്ടാകും. വ്യാപാരികൾ, ചുമട്ടുതൊഴിലാളികൾ, ജീവനക്കാർ എന്നിവർ ഇന്ന് നടത്തുന്ന പരിശോധനാ ക്യാമ്പിൽ പരിശോധന നടത്തണം.
ചന്തയിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്ന ചില്ലറ കച്ചവടക്കാരും പരിശോധനയ്ക്ക് വിധേയരാകണം. പരിശോധന സർട്ടിഫിക്കറ്റ് കൈവശമില്ലാത്തവരുടെ പേരിൽ നിയമ നടപടി സ്വീകരിക്കും. മാർക്കറ്റ് ദിവസങ്ങളിൽ ഉച്ചക്ക് രണ്ട് വരെ മാത്രമെ കടകൾ പ്രവർത്തിക്കാൻ പാടുള്ളു. കയറ്റിറക്കും രണ്ടിന് അവസാനിപ്പിക്കണം. മറ്റ് ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കാം. കടകളിൽ ഒരേ സമയം മൂന്ന് പേരിൽ കൂടുതൽ ആളുകൾ പ്രവേശിക്കുവാൻ പാടില്ല. മാർക്കറ്റിലെ കടകളിൽ നിർബന്ധമായും സാനിറ്റൈസർ, സന്ദർശകരുടെ ലിസ്റ്റ് എന്നിവ ഉണ്ടായിരിക്കണം. സ്ഥാപനങ്ങളിൽ ആരെങ്കിലും കൊവിഡ് പൊസിറ്റീവ് ആയാൽ ആ സ്ഥാപനം രണ്ട് ദിവസം അടച്ചിടുകയും തുടർന്ന് അണുനശീകരണം നടത്തുകയും വേണം. നിയന്ത്രണങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
നഗരസഭ ചെയർപേഴ്‌സൺ എം.യു ഷിനിജ അദ്ധ്യക്ഷയായി. കെ.ആർ ജൈത്രൻ, കെ.എസ് കൈസാബ്, എൽസി പോൾ, വി.എം ജോണി, ഫ്രാൻസിസ് ബേക്കൺ, എസ്. സനൽ, കെ. രേവ, എസ്.ഐ: തോമസ്, ഇ.എ ബഷീർ, കെ.എം ടോമി, ഷെറിൻ, കെ.ബി മുജീബ്, കെ.എ സേവ്യർ, കെ.ബി ശുഭദ , കെ.വി ഗോപാലകൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.