കൊടുങ്ങല്ലൂർ: എറിയാട് കടപ്പുറത്ത് അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നതിനിടയിൽ നിർദ്ധന കുടുംബം നിർമ്മിച്ച തടയണ പൊളിച്ചതായി പരാതി. എറിയാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ താമസിക്കുന്ന പനങ്ങാട്ട് ചന്ദ്രന്റെ വീട്ടുമുറ്റത്ത് മണൽചാക്കുകൾ കൊണ്ട് നിർമ്മിച്ച സംരക്ഷണച്ചിറയാണ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുമാറ്റിയത്.
ചന്ദ്രന്റെ ഓലക്കുടിലിലേക്ക് കടൽ കയറുന്നത് തടയാനായാണ് മണൽ ചാക്കുകൾ നിരത്തി സംരക്ഷണഭിത്തി നിർമ്മിച്ചത്. കഴിഞ്ഞ കടൽക്ഷോഭത്തിൽ റോഡിലും മറ്റുമായി വന്നടിഞ്ഞ മണൽ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നീക്കം ചെയ്യുന്നതിനിടെയാണ് തടയണ പൊളിച്ചത്. റോഡിൽ നിന്നും നീക്കം ചെയ്ത മണൽ കടൽഭിത്തിക്കരികിൽ നിക്ഷേപിച്ചിരിക്കുകയാണ്. മറ്റൊരു കടൽക്ഷോഭമുണ്ടായാൽ നീക്കം ചെയ്ത മണൽ വീണ്ടും റോഡിലെത്തുമെന്നാണ് നാട്ടുകാർ പറയുന്നത്.