ചാലക്കുടി: കോടശേരി പഞ്ചായത്തിലെ മേച്ചിറ കനാൽപ്പാലത്തിന്റെ നിർമ്മാണം സ്തംഭിച്ചത് നാട്ടുകാർക്ക് ദുരിതമായി മാറി. തുമ്പൂർമുഴി വലതുകര കനാലിന്റെ മേച്ചിറ ജംഗ്ഷനിലെ പാലമാണ് പുതുക്കി പണിയുന്നത്. ലോക്ക് ഡൗൺ ആരംഭിച്ചതോടെ സ്തംഭിച്ച നിർമ്മാണ പ്രവൃത്തികൾ ഇതുവരേയും പുനഃരാരംഭിച്ചില്ല. അറുപത് വർഷം പഴക്കമുള്ള പാലത്തിന് കഴിഞ്ഞ പ്രളയത്തിൽ തകരാറുണ്ടായി. സംസ്ഥാന സർക്കർ അനുവദിച്ച 3.44 കോടി രൂപ ചിലവിൽ പൊതു മരാമത്ത് വകുപ്പിന്റെ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർമ്മാണ സാമഗ്രികളുടെ അപര്യാപ്തയായിരുന്നു തടസം. എന്നാൽ പിന്നീട് കോൺട്രാക്ടർ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നുവെന്ന ആരോപണവും ഉയർന്നു. ഇതോടൊപ്പം പ്രശ്‌നം രാഷ്ട്രീയവത്ക്കരിക്കുകയും ചെയ്തു. മുടങ്ങികിടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുനഃരാരംഭിക്കാത്തത് പുതിയ എം.എൽ.എയുടെ പിടിപ്പു കേടാണെന്ന ആരോപണവുമായി എൽ.ഡി.എഫാണ് ആദ്യം രംഗത്തെത്തിയത്. ബദൽ സംവിധാനം ഒരുക്കാതെ പാലം പൊളിച്ചിട്ടതിന്റെ ഉത്തരവാദിത്വം അന്നത്തെ എം.എൽ.എയ്ക്കും എൽ.ഡി.എഫിനുമാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. ഇരുകൂട്ടരുടേയും അനാസ്ഥയാണ് ജനങ്ങൾക്ക് ദുരിതമുണ്ടാക്കുന്നതെന്ന് ബി.ജെ.പിയും കുറ്റപ്പെടുത്തുന്നു. എന്തു തന്നെയായാലും സഞ്ചാരം നിഷേധിക്കപ്പെട്ടതിനാൽ മലയോര പ്രദേശമായ ഇവിടെ ജനങ്ങൾ നട്ടം തിരിയുകയാണ്. ഓട്ടോകൾക്കും ചെറുവാഹനങ്ങൾക്കും സഞ്ചരിക്കുന്നതിനുള്ള ചെറിയ പാലത്തിന്റെ പരിസരവും ഇതിനകം ശോച്യാവസ്ഥയിലായി. പാലത്തിന്റെ ഓരത്തെ കനാൽ ബണ്ട് വഴിയുള്ള വാഹന യാത്രകൾ അപകടം നിറഞ്ഞതുമാണ്.
ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിന് ഉത്തരവാദികളാണ്
-ഇ.സി ജോസ് (മേച്ചിറയിലെ ഓട്ടോ ഡ്രൈവർ)-