കൊടുങ്ങല്ലൂർ: തീരദേശവാസികളുടെ ചിരകാലാഭിലാഷമായ അഴീക്കോട്-മുനമ്പം പാലത്തിന് ഉടൻ സാങ്കേതികാനുമതി ലഭ്യമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. അഴീക്കോട്-മുനമ്പം പാലം നിർമ്മാണ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഇ.ടി ടൈസൺ എം.എൽ.എ നിയമസഭയിൽ കൊണ്ടുവന്ന സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തീരദേശ വികസനത്തിനും വിനോദസഞ്ചാര മേഖലയ്ക്കും ഏറെ പ്രയോജനമാകുന്ന അഴീക്കോട്-മുനമ്പം പാലം നിർമ്മാണത്തിന് കിഫ്ബി 2017-18 പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയിട്ടുണ്ട്. പാലം നിർമ്മാണത്തിന് സാമ്പത്തികാനുമതിക്കായി എസ്റ്റിമേറ്റും ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ടും കിഫ്ബിയിൽ സമർപ്പിച്ചതിന്റെ ആദ്യഘട്ടമായി സ്ഥലം ഏറ്റെടുക്കുന്നതിന് മാത്രം 14.616 കോടി രൂപയുടെ സാമ്പത്തികാനുമതി നൽകിയിട്ടുണ്ട്. പാലം നിർമ്മാണത്തിന് എസ്റ്റിമേറ്റ് സമർപ്പിച്ചെങ്കിലും തീരദേശ ഹൈവേയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് പാലത്തിന്റെ വീതി കൂട്ടാൻ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് പുതുക്കിയ എസ്റ്റിമേറ്റിന് 154.626 കോടിയുടെ (എൽ.എ ഉൾപ്പെടെ) സാമ്പത്തികാനുമതി കിഫ്ബിയിൽ നിന്നും ലഭ്യമായിട്ടുണ്ട്. അഴീക്കോട്-മുനമ്പം പാലം നിർമ്മാണത്തിനായി കിഫ്ബിയുടെ നിർദ്ദേശപ്രകാരം അഡീഷണൽ ഇൻവെസ്റ്റിഗേഷൻ പ്രവൃത്തിക്ക് ദർഘാസ് ക്ഷണിച്ചതിൽ രേഖപ്പെടുത്തിയ കുറഞ്ഞതുക എസ്റ്റിമേറ്റ് തുകയേക്കാൾ അധികരിച്ച നിരക്കായതിനാൽ വിഷയം ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. പ്രസ്തുത അഡീഷണൽ ഇൻവെസ്റ്റിഗേഷൻ പാലം നിർമ്മാണം ആരംഭിച്ച ശേഷം നടപ്പിലാക്കാവുന്നതാണെന്ന് കിഫ്ബി നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പദ്ധതിക്ക് സങ്കേതികാനുമതി ലഭ്യമാക്കുന്നതിനുള്ള എസ്റ്റിമേറ്റ് സമർപ്പിക്കാൻ കെ.ആർ.എഫ്.ബി അടിയന്തര നടപടികൾ സ്വീകരിച്ചുവരുന്നുവെന്നും പാലം യാഥാർത്ഥ്യത്തിലേക്ക് നീക്കുവാൻ പ്രത്യേക യോഗം വിളിച്ചു ചേർക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് സബ്മിഷന് മറുപടിയായി നിയമസഭയെ അറിയിച്ചു.