gvr-elephant

ഗുരുവായൂർ: ദേവസ്വം ആനത്താവളത്തിലെ കൊമ്പൻ കീർത്തിക്ക് പൊള്ളലേറ്റതുപോലുള്ള പരിക്കുകൾ കണ്ടെത്തി. പരിക്കുകളിൽ ദുരൂഹതയുള്ളതായി ആക്ഷേപം. കൊമ്പന്റെ തലയ്ക്ക് മുകളിലും കഴുത്തിലുമാണ് പരിക്കുള്ളത്. ആനയുടെ ഏറ്റവും ഉയർന്ന ഭാഗങ്ങളിൽ പരിക്കേറ്റതാണ് ദുരൂഹതയ്ക്ക് കാരണമായിട്ടുള്ളത്. തലയുടെ മുകൾഭാഗത്തും പാപ്പാൻ ഇരിക്കുന്ന സ്ഥലത്തിനടുത്തുമാണ് വലിയ പരിക്കുകൾ ഉള്ളത്. പൊള്ളലിന് പഴക്കമുണ്ടെന്നാണ് കരുതുന്നത്. വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ആനത്താവളത്തിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് വിവരം ദേവസ്വം അധികൃതർ അറിഞ്ഞത്.

മണ്ണിൽ കലർന്ന ആസിഡ് പോലെയുള്ള വസ്തുക്കളാകാം പൊള്ളലേൽക്കാൻ കാരണമെന്നാണ് പാപ്പാൻമാർ പറയുന്നത്. മണ്ണിലുള്ളതെല്ലാം ആന തലയ്ക്കുമുകളിലൂടെ വിതറുമെന്നതിനാലാകാം പുറത്തെ മുറിവെന്നും ഇവർ പറയുന്നു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് തുമ്പിക്കൈയിൽ പൊള്ളലേറ്റില്ല എന്ന ചോദ്യത്തിന് പാപ്പാൻമാർക്ക് ഉത്തരമില്ല. ദിവസവും ആനയെ പരിപാലിക്കുന്ന പാപ്പാൻമാർ മുറിവ് കാണാതിരിക്കില്ല എന്നതും കണ്ടിട്ടുണ്ടെങ്കിൽ ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്താതിരുന്നതും ദുരൂഹമാണ്.

ആനക്കോട്ടയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ മുറിവുകളിൽ മരുന്ന് പുരട്ടുന്നുണ്ട്. പരിശോധനയ്‌ക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ മറ്റ് ആനകളെയും പരിശോധിച്ചു. പാപ്പാൻമാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.