തൃശുർ: കൊവിഡ് വ്യാപനത്തിനിടെ നടത്തിയ പ്ലസ്ടു പരീക്ഷയിൽ ജില്ലക്ക് തകർപ്പൻ വിജയം. 89.53 വിജയ ശതമാനം. കഴിഞ്ഞ വർഷത്തെ നാലം സ്ഥാനം ഇക്കുറിയും നിലനിറുത്തി. കഴിഞ്ഞ വർഷത്തെ (87.13) അപേക്ഷിച്ച് 2.04 ശതമാനം കൂടുതലാണിത്.
199 സ്‌കൂളുകളിൽ നിന്നായി പരീക്ഷ എഴുതിയ 33,476 വിദ്യാർഥികളിൽ 29,970 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. മുഴുവൻ വിഷയത്തിലും എപ്ലസ് കരസ്ഥമാക്കിയവർ കഴിഞ്ഞ വർഷ ത്തേക്കാൾ 3597 പേർ കൂടി. 5259 വിദ്യാർത്ഥികൾക്കാണ് ഈ വർഷം മുഴുവൻ വിഷയത്തിലും എ പ്ലസ്. കഴിഞ്ഞവർഷം ഇത് 1662 ആണ്. രണ്ട് സർക്കാർ സ്‌കൂളുകളും ഒരു സ്‌പെഷൽ സ്‌കൂളും എട്ട് എയ്ഡഡ് സ്‌കൂളും പത്ത് അൺ എയ്ഡഡ് സ്‌കൂളുകളും അടക്കം 21 സ്‌കൂളുകൾക്കാണ് 100 മേനി വിജയം.
ഓപൺ സ്‌കൂളിൽ വിജയ ശതമാനവും ഇക്കുറി കൂടി. 51.89 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 48.05 ശതമാനമായിരുന്നു. പരീക്ഷ എഴുതിയ 3361 വിദ്യാർത്ഥികളിൽ 1744 പേരാണ് ഉന്നത പഠന യോഗ്യത നേടിയത്. 17 പേർക്ക് മുഴുവൻ വിഷയത്തിലും എപ്ലസ് ലഭിച്ചു. ടെക്‌നിക്കൽ സ്‌കൂളുകളിൽ 64.29 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 63.64 ആയിരുന്നു. പരീക്ഷയഴുതിയ 14 പേരിൽ ഒമ്പതു പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി.
വി.എച്ച്.എസ്.ഇയിൽ 85.33 %
വി.എച്ച്.എസ്.ഇ പരീക്ഷയിൽ പാർട്ട് ഒന്നും രണ്ടും മൂന്നിലുമായി 85.33 ആണ് വിജയശതമാനം. കഴിഞ്ഞ വർഷം 82.31 ആയിരുന്നു. പരീക്ഷ എഴുതിയ 1786 പേരിൽ 1524 വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസ യോഗ്യത നേടി. പാർട്ട് ഒന്നിലും രണ്ടിലും അയ്യമ്പാടം സർവോദയം വി.എച്ച്.എസ്.എസ് 100 ശതമാനം വിജയം നേടി.
പരീക്ഷക്ക് ഇരുന്ന 55 കുട്ടികളും ഉന്നത വിദ്യാഭ്യാസത്തിന് അർഹരായി. 98.72 വിജയ ശതമാനവുമായി 78ൽ 77 കുട്ടികൾ യോഗ്യത നേടിയ വടാനപ്പള്ളി കമല നെഹ്‌റു സ്മാരക വി.എച്ച്.എസ്.എസും 59ൽ 58 പേർ യോഗ്യത നേടി 98.31 ശതമാനം വിജയം നേടിയ ജി.വി.എച്ച്.എസ്.എസ് തിരുവില്വാമലയും മികച്ച വിജയം നേടി. ബധിര മൂക വിദ്യാലയങ്ങളിലെ കുട്ടികൾക്കായി നടത്തിയ പ്രത്യേക പരീക്ഷയിൽ കുന്നംകുളം ഗവ.ബധിര വി.എച്ച്.എസ്.എസ് നൂറു മേനി നേടി. കലാമണ്ഡലം ആർട്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷക്കിരുന്ന 75 വിദ്യാർത്ഥികളിൽ 67 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. വിജയശതമാനം 89.33.