തൃശൂർ: പ്രവാസ ലോകത്തേക്കുള്ള യാത്രാ വിലക്ക് തുടരുന്ന സാഹചര്യത്തിൽ അവർ അനുഭവിക്കുന്ന വേദനയും, ആശങ്കയും മനസ്സിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകാത്തത് വേദനാജനകമാണെന്നും അവരുടെ കണ്ണുനീരിനു വിലകൽപ്പിക്കാത്തത് പ്രതിഷേധാർഹമാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ' വാക്‌സിൻ തരു ജീവൻ രക്ഷിക്കൂ, യാത്ര അനുവദിക്കൂ' എന്ന മുദ്രാവാക്യമുയർത്തി വിമാന സർവീസ് പുനരാരംഭിക്കുക, മതിയായ വാക്‌സിൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടന്ന പ്രവാസി രക്ഷായാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു വേണുഗോപാൽ.
എയർ ഇന്ത്യയുടെ വിമാന മാതൃക നിർമ്മിച്ച് പട്ടാള റോഡിലെ ബി.എസ്.എൻ.എൽ ഓഫീസിന് മുൻവശത്തു നിന്നാണ് രക്ഷായാത്ര ആരംഭിച്ചത്. പ്രതീകാത്മകമായി 13 രാജ്യങ്ങളിലെ പ്രധാന എയർപോർട്ടുകൾ ലക്ഷ്യ കേന്ദ്രങ്ങളാക്കി ബന്ധിപ്പിച്ച് ഏജീസ് ഓഫീസ് നെടുമ്പാശ്ശേരി എയർപോർട്ടായി ചിത്രീകരിച്ച് യാത്ര അവസാനിപ്പിച്ചു. ഓരോ ഡെസ്റ്റിനേഷനിൽ നിന്നും ഓരോ വിദേശരാജ്യങ്ങളിലെ വസ്ത്രധാരണത്തോട് കൂടിയ പത്തംഗസംഘം വിമാനത്തിനുള്ളിൽ കയറിയതും ലക്ഷ്യ സ്ഥാനത്ത് ഇറങ്ങിയതും ശ്രദ്ധേയമായി. നേതൃത്വം നൽകിയത് 13 നിയോജകമണ്ഡലത്തിലെ പ്രവാസി കോൺഗ്രസ് കമ്മിറ്റികളായിരുന്നു. ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു.
ടി.എൻ. പ്രതാപൻ എം.പി, പി.എ മാധവൻ, ജോസഫ് ചാലിശ്ശേരി, ഇൻകാസ് ഒ.ഐ.സി.സി നേതാവ് എൻ.പി രാമചന്ദ്രൻ. ടി.വി ചന്ദ്രമോഹൻ, അഡ്വ. ജോസഫ് ടാജറ്റ്, ഷാഹുൽ പണിക്കവീട്ടിൽ, എൻ.കെ. സുധീർ, സുനിൽ അന്തിക്കാട്, ജോസ് വള്ളൂർ, രാജേന്ദ്രൻ അരംഗത്ത്, സി.എസ്. ശ്രീനിവാസൻ, ഷാജി കോടങ്കണ്ടത്ത്, സി.ഒ. ജേക്കബ്, സജിപോൾ മാടശ്ശേരി, കെ.എച്ച്. ഉസ്മാൻഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.