തേഞ്ഞിപ്പലം: കൊവിഡ് പ്രതിസന്ധികളെ വകഞ്ഞുമാറ്റി മൂന്ന് പകലുകൾ ട്രാക്കിനെ ആവേശം കൊള്ളിച്ച കാലിക്കറ്റ് സർവകലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടവുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്. പുരുഷ വിഭാഗത്തിൽ 11 സ്വർണം ഉൾപ്പെടെ 88 പോയിന്റുകളും വനിതാ വിഭാഗത്തിൽ ഒമ്പത് സ്വർണം ഉൾപ്പെടെ 81 പോയിന്റുമാണ് ക്രൈസ്റ്റിന്റെ സമ്പാദ്യം. പുരുഷ വിഭാഗത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് 81 പോയിന്റ് നേടി രണ്ടാം സ്ഥാനവും ഒമ്പത് പോയിന്റുമായി തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ തൃശൂർ സെന്റ് തോമസ് കോളേജ് 53 പോയിന്റും പാലക്കാട് മേഴ്‌സി കോളേജ് 38 പോയിന്റും നേടി യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായി.
മികച്ച പുരുഷ അത്‌ലറ്റായി ക്രൈസ്റ്റ് കോളേജിലെ ട്രിപ്പിൾ ജമ്പ് താരം എൻ. അനസ് തിരഞ്ഞെടുക്കപ്പെട്ടു. തുല്യ പോയിന്റുകൾ നേടിയ സെന്റ് തോമസ് കോളേജിലെ പി.ഡി. അഞ്ജലി, ക്രൈസ്റ്റ് കോളേജിലെ സാന്ദ്ര ബാബു എന്നിവർ മികച്ച വനിതാ അത്‌ലറ്റ് പട്ടം പങ്കിട്ടു. ഇന്ത്യയിൽ ആദ്യമായി ട്രാൻസ് ജെൻഡർ വിഭാഗത്തിന് കായികമേളയിൽ പ്രത്യേകമായി അവസരം നൽകിയ കാലിക്കറ്റിന്റെ മീറ്റിൽ ഇത്തവണയും മൂന്നുപേർ പങ്കെടുത്തു.
കൊവിഡ് സാഹചര്യത്തിലും കർശനമായ നിയന്ത്രണങ്ങൾ പാലിച്ച് മീറ്റ് നടത്താനായെന്ന് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് പറഞ്ഞു. ജേതാക്കൾക്കുള്ള ട്രോഫികൾ വൈസ് ചാൻസലറും പ്രോ വി.സി. ഡോ. എം. നാസറും സിൻഡിക്കേറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി കൺവീനർ അഡ്വ.ടോം കെ. തോമസും വിതരണം ചെയ്തു. കായികവിഭാഗം ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ, ഉപ ഡയറക്ടർ ഡോ. എം.ആർ. ദിനു തുടങ്ങിയവർ പങ്കെടുത്തു.