photo

പണത്തിന് മീതേ പരുന്തും പറക്കില്ലെന്ന ചൊല്ലിന് എത്രകാലത്തെ പഴക്കമുണ്ടെന്ന് അറിയില്ല. പക്ഷേ, ഏതുകാലത്തും ആ ചൊല്ല് പ്രസക്തമാണെന്നും വീണ്ടും വീണ്ടും ജനങ്ങൾ അത് ഉരുവിടുമെന്നുമുള്ളതിനും തർക്കമില്ല. തൃശൂരിലാകമാനം ഇപ്പോൾ കേൾക്കുന്നത് ഈ ചൊല്ലാണ്. കരുവന്നൂർ, കൊടകര എന്നീ രണ്ടു സ്ഥലങ്ങളുടെ പേരിനൊപ്പമാണിത് . കൊടകരയിൽ തിരഞ്ഞെടുപ്പിന് ഒരു പാർട്ടി എത്തിച്ച മൂന്നരക്കോടി ആ പാർട്ടിയിലുള്ളവരുടെ സഹായത്തോടെ കവർന്നെന്നാണ് ആരോപണം. കരുവന്നൂരിലാകട്ടെ, സഹകരണബാങ്കിലെ വായ്പ തട്ടിച്ച് നൂറുകോടിയിലേറെ ബാങ്ക് അധികൃതർ തന്നെ പോക്കറ്റിലാക്കിയെന്നും. കൊടകരയിൽ ബി.ജെ.പിയും കരുവന്നൂരിൽ സി.പി.എമ്മും ചുരുക്കത്തിൽ വെള്ളം കുടിക്കുകയാണ്. രണ്ടുപാർട്ടികളുടെയും സംസ്ഥാനനേതൃത്വത്തെയും ഈ കേസുകൾ അലട്ടിക്കൊണ്ടിരിക്കുന്നു. ഇതിനിടെ, കോൺഗ്രസ് ഭരിക്കുന്ന പുത്തൂർ സഹകരണബാങ്കിലെ തട്ടിപ്പിനെക്കുറിച്ചും സഹകാരികൾ പരാതിയുമായെത്തി. രാഷ്ട്രീയക്കാരുടെ ഇടപെടലുകളാൽ സൃഷ്ടിക്കപ്പെടുന്ന അഴിമതികളും തട്ടിപ്പുകളും ഒന്നൊന്നായി പുറത്തുവരുമ്പോൾ, ഇങ്ങനെയൊക്കെയായോ നമ്മുടെ രാഷ്ട്രീയമെന്ന് ചോദിച്ച് മൂക്കത്ത് വിരൽവയ്ക്കുന്നു ജനങ്ങൾ.

കരുവന്നൂർ സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പ് കേസിൽ ബിനാമി ഇടപാടുകൾ സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തുന്നുണ്ട്. പ്രതികളുടെ വീട്ടിൽനിന്ന് കിട്ടിയ വായ്പാരേഖകൾ ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു. ഇത് ബിനാമി ഇടപാടുകളാണെന്ന് കണ്ടെത്തുകയും ചെയ്തു. റിസോർട്ടുകളിലും മറ്റും പ്രതികൾ പണം നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യവും അന്വേഷിക്കുന്നുണ്ട്. ബാങ്കിലെ ആഭ്യന്തര ഉപയോഗത്തിനായി നിർമിച്ച സോഫ്റ്റ് വെയറിൽ വലിയ രീതിയിൽ അട്ടിമറി നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓരോരുത്തർക്കും പ്രത്യേക യൂസർ ഐ.ഡിയും പാസ്‌വേഡും ഉള്ളതാണ്. എന്നാൽ വിരമിച്ചവരുടെ യൂസർ ഐഡിയും പാസ്‌വേഡും തട്ടിപ്പ് നടന്ന കാലയളവിൽ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് വിദഗ്ദ്ധ പരിശോധന നടത്തുന്നുണ്ട്.


തട്ടിപ്പിന്റെ വിവിധതലങ്ങൾ

ഒരു തട്ടിപ്പിന്റെ അന്വേഷണങ്ങൾ ചെന്നെത്തുന്നത് വിസ്തൃതമായ മേഖലകളിലേക്കാണ്. കഴിഞ്ഞ ദിവസം ഇ.ഡി ഉദ്യോഗസ്ഥൻ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ബാങ്ക് അധികൃതരോട് കൂടുതൽ രേഖകൾ ഹാജരാക്കാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിൽ കസ്റ്റഡിയിലായ നാല് പ്രതികളെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നുണ്ടെന്നാണ് വിവരം. എന്നാൽ പിടിയിലായ വിവരം പൊലീസ് സ്ഥിരീകരിച്ചിട്ടുമില്ല. പരമാവധി വിവരങ്ങൾ ഇവരിൽ നിന്ന് ശേഖരിച്ച ശേഷം അതെല്ലാം ചേർത്തുള്ള റിമാൻഡ് റിപ്പോർട്ട് സമർപ്പിക്കുന്നതിന് വേണ്ടിയാണ് അറസ്റ്റ് ഇതുവരെ രേഖപ്പെടുത്താത്തത് എന്നാണ് വിവരം.

അയ്യന്തോളിലെ ഫ്ളാറ്റിൽ നിന്ന് കേസിലെ പ്രതികളായ ബാങ്കിന്റെ മുൻ സെക്രട്ടറിയും സി.പി.എം കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന ടി.ആർ.സുനിൽ കുമാർ, മുൻ മാനേജരും പൊറത്തശേരി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന ബിജു കരീം, സീനിയർ അക്കൗണ്ടന്റും തൊടുപറമ്പ് ബ്രാഞ്ച് അംഗവുമായിരുന്ന സി.കെ. ജിൽസ്, കമ്മിഷൻ ഏജന്റ് എ.കെ. ബിജോയ് എന്നിവരെ കസ്റ്റഡിയിലെടുത്ത വിവരം പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെ കൂട്ടനടപടിയെടുത്ത് സി.പി.എം. മുഖം രക്ഷിക്കുകയും ചെയ്തു.


പാർട്ടിയ്ക്ക് സംഭാവന ;

ചോദിക്കാതെ തന്നെ

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ നാല് പ്രധാനപ്രതികൾ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 40 വാഹനങ്ങളും വൻതുകയും പാർട്ടി ആവശ്യപ്പെടാതെ തന്നെ സംഭാവന നൽകിയെന്ന വിവരവും ഇതിനിടെ പുറത്തായി. മുൻ ബാങ്ക് സെക്രട്ടറിയും പൊറത്തിശേരി ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന ടി.ആർ. സുനിൽകുമാർ, മുൻ ബ്രാഞ്ച് മാനേജരും കരുവന്നൂർ ലോക്കൽ കമ്മിറ്റിയംഗമായിരുന്ന ബിജു കരീം, മുൻ അക്കൗണ്ടന്റും തൊടുപറമ്പ് ബ്രാഞ്ച് അംഗവുമായിരുന്ന സി.കെ ജിൽസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പാർട്ടിയെ സ്വാധീനിക്കാനുള്ള ശ്രമങ്ങളെന്നും വായ്പാത്തട്ടിപ്പിൽ നിന്ന് കിട്ടിയ പണമാണ് ഇതിന് ഉപയോഗിച്ചതെന്നും പറയുന്നു. അതിനാൽ തട്ടിപ്പ് സംബന്ധിച്ച് പ്രാദേശിക നേതാക്കളുടെ പ്രതിഷേധവും പരാതിയും ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾ ഗൗനിച്ചില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബിജോൺ നൽകിയ അന്വേഷണ റിപ്പോർട്ടിൽ നടപടി ഉണ്ടാവാതിരുന്നതും അതിനാലാണെന്ന് പറയുന്നു. പരാതിക്കാരെ വി.എസ്. പക്ഷക്കാരാക്കി ചില നേതാക്കൾ ചിത്രീകരിച്ചു. മതത്തിന്റെ പരിഗണന നൽകി ബിജു കരീമിനെ സംരക്ഷിച്ചെന്നും ജില്ലയിലെ മറ്റൊരു പ്രധാന നേതാവിനെതിരെ പരാതിയുണ്ടായിരുന്നു.


കുഴൽവഴി പണം

കൊടകര കുഴൽപ്പണകേസിൽ പണമെത്തിയത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെയും മറ്റ് രണ്ട് ബി.ജെ.പി നേതാക്കളുടെയും അറിവോടെയാണെന്നായിരുന്നു കുറ്റപത്രം. 6.3 കോടി തൃശൂരിലെ ബി.ജെ.പി നേതാക്കളെ ഏല്‌പിച്ചു. പരാതിക്കാരൻ ധർമ്മരാജൻ ഇതിന് മുമ്പും ഇത്തരത്തിൽ പണം കടത്തിയതായും കുറ്റപത്രം വ്യക്തമാക്കിയിരുന്നു. 625 പേജുള്ള കുറ്റപത്രമാണ് അന്വേഷണസംഘം ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ചത്. 22 പേർക്ക് എതിരെയായിരുന്നു കുറ്റപത്രം. കെ.സുരേന്ദ്രനും മകനും ഉൾപ്പടെ 19 ബി.ജെ.പി നേതാക്കൾ സാക്ഷികളാണ്.

മൊഴിയെടുപ്പിക്കാൻ വിളിച്ച എല്ലാ ബി.ജെ.പി നേതാക്കളെയും സാക്ഷിപ്പട്ടികയിൽ ഉൾക്കൊള്ളിച്ചിരുന്നു. കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണ് എന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയത്. ഇത് എത്തിയത് കർണാടകത്തിൽ നിന്നാണെന്നുമുണ്ട്.

ബി.ജെ.പി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചോയെന്ന് അന്വേഷിക്കണമെന്നും കേസിൽ അന്വേഷണം തുടരുമെന്നും കുറ്റപത്രത്തിൽ പറയുന്നു. കള്ളപ്പണ ഉറവിടം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്.ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയപാതയിൽ മൂന്നരക്കോടി രൂപ ക്രിമിനൽസംഘം കവർന്നത്. ഒരു കോടി 45 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ബാക്കി തുക കണ്ടെത്താൻ ശ്രമം തുടരുകയാണ് പൊലീസ്. എന്നാൽ ഈ പണം പ്രതികൾ ധൂർത്തടിച്ചെന്നാണ് പൊലീസിന് കിട്ടിയ വിവരം.