തൃശൂർ: കൊവിഡ് രണ്ടാം തരംഗം മൂർദ്ധന്യത്തിലേക്ക് കടന്നതോടെ ജില്ലയിലെ മിക്ക തദ്ദേശസ്ഥാപനങ്ങളും ട്രപ്പിൾ ലോക്കിലും ലോക്ക് ഡൗണിലുമായി. ജില്ലയിലെ പ്രതിദിന രോഗികളുടെ എണ്ണം മൂവായിരത്തിന് മുകളിലെത്തിയതോടെ ഭീതിയിലാണ് പൊതുജനങ്ങളും ആരോഗ്യ വകുപ്പും. ടി.പി.ആർ ഉയർന്ന മേഖലകളിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തുന്നതോടൊപ്പം വാക്‌സിനേഷൻ നടപടികൾക്ക് വേഗം കൂട്ടാനാണ് ആരോഗ്യ വകുപ്പിന്റെ ശ്രമം. ഓണത്തിന് മുമ്പ് പരമാവധി പേർക്ക് വാക്‌സിൻ നൽകാനുള്ള തയ്യാറെടുപ്പാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് മതിയായ തോതിൽ വാക്‌സിൻ ലഭിച്ചാൽ കൂടുതൽ ആളുകൾക്കത് എത്തിക്കാനാണ് ശ്രമം. ഇന്നലെ വൈകീട്ട് കൂടുതൽ വാക്‌സിൻ എത്തിയതോടെ വാക്‌സിനേഷൻ നടപടികൾ വേഗത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യവകുപ്പ്. അതേസമയം വാക്‌സിൻ വിതരണത്തിലെ രാഷ്ട്രീയ അതിപ്രസരം പലയിടത്തും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കൊവിൻ ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും കൂടുതൽ വാക്‌സിൻ ലഭ്യമല്ലാതിരിക്കുകയും തദ്ദേശസ്ഥാപനങ്ങൾക്ക് കൂടുതൽ സ്ലോട്ടുകൾ വീതിച്ച് നൽകുന്നതുമാണ് ഏറെയും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. തദ്ദേശസ്ഥാപന നടത്തിപ്പുകാർ തന്നിഷ്ടപ്രകാരം സ്ലോട്ടുകൾ നൽകുകയും രാഷ്ട്രീയ വിവേചനം കാട്ടുകയും ചെയ്യുന്നുണ്ടെന്ന് പരക്കെ ആക്ഷേപമുയരുന്നുണ്ട്. രണ്ടാം തരംഗത്തിന്റെ വേഗത മൂലം മൂന്നാം തരംഗത്തിനുള്ള സാദ്ധ്യതയും ഏറെയെന്ന് ആരോഗ്യ വകുപ്പ് കണക്ക് കൂട്ടുന്നു.