covid

തൃശൂർ : ജില്ലയിലെ പകുതിയിലേറെ തദ്ദേശ സ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണും, 31 സ്ഥലങ്ങളിൽ ലോക്ഡൗണും ഏർപ്പെടുത്തിയതോടെ വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ സ്ഥലത്ത് കടുത്ത നിയന്ത്രണമാണ് അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മറ്റും ഇളവുകൾ ഉള്ള വ്യാപാര സ്ഥപാനങ്ങൾക്കും മാത്രമാണ് തുറക്കാൻ അനുമതി ഉള്ളത്. ലോക്ഡൗൺ ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ തുണികടകൾ ഉൾപ്പെടുള്ള മറ്റ് സ്ഥാപനങ്ങളൊന്നു തുറക്കാൻ ആഴ്ച്ചയിൽ ഒരു ദിവസം മാത്രമാണ് അനുമതി. ഓണമടുത്തതോടെ കൂടുതൽ ഇളവുകൾ ലഭിക്കുമെന്ന പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്. എന്നാൽ അതെല്ലാം അസ്തമിക്കുന്ന രീതിയിലേക്കാണ് കൊവിഡ് വ്യാപനം രൂക്ഷമാകുന്നത്. ഓഗസ്റ്റ 20 നാണ് ഓണം. അത് കൊണ്ട് തന്നെ ഓഗസ്റ്റ് ആദ്യവാരത്തോടെ ഓണവിപണി സജീവമാകേണ്ടതാണ്. ഇനി വാരാലോകനം അടുത്ത ബുധനാഴ്ച്ചയാണ് ഉള്ളത് . അതിൽ ടി.പി.ആർ കുറഞ്ഞാൽ മാത്രമെ നിയന്ത്രണം പിൻവലിക്കു. നിലവിലെ സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ പൂർണ്ണ ഇളവ് ലഭിക്കാൻ സാദ്ധ്യത വിരളമാണ്. പലരും ഓണവിപണി ലക്ഷ്യമിട്ട് കൊണ്ട് വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള സാധനങ്ങൾ ഓർഡർ നൽകുകയും എത്തിക്കുകയും ചെയ്തിട്ടുണ്ട്. വസ്ത്രവ്യാപാര സ്ഥപനങ്ങളിൽ വലിയ തോതിലുള്ള സ്‌റ്റോക്കുകൾ എത്തികഴിഞ്ഞു. എന്നാൽ കൂടുതൽ നിയന്ത്രണം വന്നതോടെ എല്ലാ പ്രതീക്ഷകളും അസ്തമിക്കുന്നതരത്തിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് വ്യാപാരികൾ പറയുന്നു. അതേസമയം നിയന്ത്രണങ്ങൾ പാലിച്ച്‌കൊണ്ട് വ്യാപാര സ്ഥാപനങ്ങൾ എല്ലാ മേഖലകളിലും ദിവസവും തുറക്കാൻ അനുമതി നൽകിയില്ലെങ്കിൽ വിലക്ക് ലംഘിച്ച് ഓഗസ്റ്റ് 9 മുതൽ എല്ലാ കടകളും തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് കൂടുതൽ സംഘർഷത്തിലേക്ക് വഴിവെയ്ക്കാനുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ട്. ഇന്നലെ ജില്ലയിലെ കൊവിഡ് കണക്ക് ജൂലായ് മാസത്തെഏറ്റവും ഉയർന്ന നിരക്കിലാണ് എത്തിയത്. ആദ്യമായാണ് ഈ മാസം കൊവിഡ് രോഗികളുടെ എണ്ണം 3000 കടക്കുന്നത്.

വ്യാപാരികളം ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സമീപനം ഉപേക്ഷിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. നിലവിലെ സാഹചര്യം അതീവ ഗുരുതരമാണ് വ്യാപാരികളുടെത്. മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം
കെ.വി.അബ്ദുൾ ഹമീദ്

പ്രസിഡന്റ്

വ്യാപാരി വ്യാവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി