തൃശൂർ: നിയമസഭാ കൈയാങ്കളി വിഷയത്തിൽ വിചാരണ നേരിടണമെന്ന് പരമോന്നത നീതിപീഠം ഉത്തരവായിട്ടും മന്ത്രി സ്ഥാനത്ത് തുടരുന്ന വി. ശിവൻകുട്ടിയുടെ നിലപാട് നിയമസഭയ്ക്ക് അപമാനമാണെന്ന് ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ് പറഞ്ഞു. മന്ത്രി വി. ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാന പ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിൻസെന്റ്.
30, 31 തിയതികളിലായി എല്ലാ മണ്ഡലങ്ങളിലും പന്തം കൊളുത്തി പ്രതിഷേധങ്ങളും ബ്ലോക്ക് അടിസ്ഥാനത്തിൽ സർക്കാർ ഓഫീസുകൾക്ക് മുന്നിൽ സമര പരിപാടികളും നടത്തുമെന്ന് വിൻസെന്റ് പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷനായി. ജോസഫ് ചാലിശ്ശേരി, കെ. കെ കൊച്ചുമുഹമ്മദ്, സുനിൽ അന്തിക്കാട്, ജോസ് വള്ളൂർ, രാജേന്ദ്രൻ അരങ്ങത്ത്, സി.എസ്. ശ്രീനിവാസൻ, ഷാജി കോടങ്കണ്ടത്ത്, ജോൺ ഡാനിയേൽ, എ. പ്രസാദ്, കെ.ബി. ശശികുമാർ, ഐ.പി. പോൾ, സി.ഒ. ജേക്കബ്, രാജൻ പല്ലൻ, കെ.എച്ച് ഉസ്മാൻഖാൻ, കെ.കെ. ബാബു, പി. കെ. രാജൻ, രവി ജോസ് താണിക്കൽ, സുനിൽ ലാലൂർ തുടങ്ങിയവർ പ്രസംഗിച്ചു.