കാഞ്ഞാണി: കിടപ്പ് രോഗികൾക്ക് വിട്ടിലെത്തി നൽകുന്ന കൊവിഡ് വാക്‌സിനേഷൻ പദ്ധതി മണലൂർ പഞ്ചായത്തിൽ പരാജയമെന്ന് പരാതി. കഴിഞ്ഞ മാസമാണ് പഞ്ചായത്തിൽ പദ്ധതിയ്ക്ക് തുടക്കമിട്ടത്. വാർഡ് ഏഴ് വരെ പാലിയേറ്റീവ് കെയറിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് വാക്‌സിൻ നൽകിയെങ്കിലും തുടർന്നും നൽകുവാൻ കഴിഞ്ഞില്ല. ഇപ്പോഴും കേന്ദ്രത്തിന്റ വാക്‌സിനേഷൻ സെന്ററിലേക്കാണ് കിടപ്പുരോഗികളെ കൊണ്ടുവരുന്നത്.


പ്രായാധിക്യം കൊണ്ടും, അംഗവൈകല്യം സംഭവിച്ചവർക്കും, രോഗങ്ങൾ പിടിപെട്ട് കിടപ്പിലായവരുമാണ് കുടുംബാംഗങ്ങളൊടോപ്പം വാക്‌സിൻ എടുക്കാനെത്തുന്നത്. ടോക്കൺ സമ്പ്രദായമായതിനാൽ മണിക്കൂറോളം കാത്ത് നിൽക്കണം. പാലിയേറ്റീവ് കെയറിൽ രജിസ്റ്റർ ചെയ്ത കിടപ്പ് രോഗികൾക്ക് മാത്രമെ വീട്ടിലെത്തി വാക്‌സിനെടുക്കുന്നത്.


എഴാം വാർഡ് വരെ പാലിയേറ്റീവ് കെയറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കിടപ്പ് രോഗികൾക്ക് വാക്‌സിൻ നൽകിയിട്ടുണ്ടെന്ന് പറയപ്പെടുന്നുണെങ്കിലും ഇതുവരെ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത ധാരാളം പേരും നിലവിലുണ്ട്. ഇവർക്കും വീട്ടിലെത്തി വാക്‌സിനെടുക്കണമെന്ന് പ്രതിപക്ഷ അംഗം രാഗേഷ് കണിയാംപറമ്പിൽ ആവശ്യപ്പെട്ടു. വാഹനങ്ങളിൽ കൊണ്ടുവന്ന കിടപ്പുരോഗികളെ സെന്ററിലേക്ക് നടത്തി കൊണ്ടുപോകുന്നതിനെതിരെ രാഗേഷ് കണിയാംപറമ്പിലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ മെഡിക്കൽ ഓഫീസർ അജയ് രാജിന്റെ നിർദ്ദേശ പ്രകാരം വാഹനങ്ങളിൽ നിന്ന് ഇറക്കാതെ തന്നെ വാക്‌സിൻ നൽകുകയായിരുന്നു.


മണലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കിട്ടുന്ന വാക്‌സിന്റെ അഭാവം മൂലമാണ് കിടപ്പ്‌രോഗികൾക്ക് വാക്‌സിൻ നൽകുവാൻ വൈകുന്നതെന്നും വേണ്ടത്ര വാക്‌സിൻ കിട്ടുന്ന മുറയ്ക്ക് എല്ലാ വാർഡുകളിലെയും കിടപ്പ് രോഗികൾക്ക് വാക്‌സിൻ വിട്ടിലെത്തി നൽകുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോണി അത്താണിക്കൽ പറഞ്ഞു.


ഫോട്ടോ

കാൽ നഷ്ടപ്പെട്ട മാമ്പുള്ളി സ്വദേശി മണലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്‌സിനേഷനായി മണിക്കൂറോളം വാഹനത്തിൽ കാത്തുകിടക്കുന്നു.