കയ്പമംഗലം: പഞ്ചായത്തിൽ യു.ഡി.എഫ് ഭരണസമിതി കൊവിഡ് രോഗികൾക്ക് ഭക്ഷണവും ആരോഗ്യ പരിരക്ഷയും നിഷേധിക്കുന്നുവെന്ന എൽ.ഡി.എഫിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റും യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയും പത്രക്കുറിപ്പിൽ അറിയിച്ചു.
ഒരു മാസത്തിൽ താഴെ മാത്രമാണ് കഴിഞ്ഞ എൽ.ഡി.എഫ് ഭരണ സമിതി കൊവിഡ് രോഗികൾക്ക് ഭക്ഷണം നൽകിയത്. ആകെ നൽകിയ 9,000 ഊണിൽ 4,329 ഊണ് മാത്രമാണ് സൗജന്യമായി നൽകിയത്. ബാക്കിയുള്ള അയ്യായിരത്തിലധികം ഊണിന് 20 രൂപ നിരക്കിൽ രോഗികളിൽ നിന്ന് ഈടാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് മാസത്തോളമായി പഞ്ചായത്തിലെ കൊവിഡ് രോഗികൾക്ക് ഇതുവരെ 25,000 ത്തിലധികം ഭക്ഷണപ്പൊതി തികച്ചും സൗജന്യമായി നൽകാൻ യു.ഡി.എഫ് ഭരണസമിതിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പന്ത്രണ്ട് ലക്ഷത്തോളം രൂപ യു.ഡി.എഫ് ഭരണ സമിതി കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി ചെലവഴിച്ചിട്ടുണ്ട്.
അതത് വാർഡുകളിലെ രോഗികൾക്കുള്ള ഭക്ഷണത്തിനുള്ള തുകയെങ്കിലും ഓരോ മെമ്പർമാരും കണ്ടെത്തണമെന്ന അഭിപ്രായത്തിനോട് എൽ.ഡി.എഫ് അംഗങ്ങൾ വിയോജിപ്പ് അറിയിച്ചിരുന്നു. എൽ.ഡി.എഫ് അംഗങ്ങളുടെ നിസഹകരണമാണ് ഭക്ഷണ വിതരണത്തിന്റെ സ്തംഭനാവസ്ഥയ്ക്ക് കാരണമാകുന്നതെന്നും യു.ഡി.എഫ് കുറ്റപ്പെടുത്തി.