brdge
ജില്ലാ കളക്ടറും സംഘവും പത്തടിപ്പാലത്ത് പാലം തകർന്ന സ്ഥലം സന്ദർശിക്കുന്നു

ചാലക്കുടി: മലക്കപ്പാറക്കടുത്ത് പത്തടിപ്പാലത്ത് തകർന്ന പാലത്തിന് ബദൽ സംവിധാനം ഒരുക്കി മൂന്നുദിവസത്തിനകം ഗതാഗതം പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടർ ഹരിത വി. കുമാർ. മണ്ണിടിച്ചിലിനെതുടർന്ന് പാലം തകർന്ന സ്ഥലം സന്ദർശിച്ചശേഷം പഞ്ചായത്ത് ഭരണ സമിതിയെയാണ് ഇക്കാര്യം അറിയിച്ചത്. താത്ക്കാലിക സംവിധാനം ഏർപ്പെടുത്തും വരെ അടിയന്തര യാത്രകൾക്ക് മറ്റു മാർഗങ്ങൾ ഒരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസിനൊപ്പം എത്തിയ കളക്ടർ പറഞ്ഞു. രോഗികളെ ശാന്തൻപാറവരെ ടാറ്റാ കമ്പനിയുടെ ആംബുലൻസിൽ എത്തിക്കും. തുടർന്ന് മറുഭാഗത്ത് കാത്തുകിടക്കുന്ന ആരോഗ്യ വകുപ്പിന്റെ 108 ആംബുലൻസിൽ കയറ്റിവിടും. പാലത്തിനടിയിൽ മണ്ണിടിച്ച് മുകളിൽ റെയിലുകൾ ഘടിപ്പിച്ചാണ് ബദൽ സംവിധാനം ഏർപ്പെടുത്തുക. ഇതിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. റെഡിമെയ്ഡ് കോൺക്രീറ്റ് റിംഗുകൾ ഉപയോഗിച്ചാണ് പുതിയ പാലം നിർമ്മിക്കുക. ഇതിനായി റിങ്ങുകൾ വാങ്ങുന്നതിന് ഇതിനകം നടപടികളും തുടങ്ങി. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് കളക്ടറും സംഘവും എത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ റിജേഷ്, ജില്ലാ പഞ്ചായത്തംഗം ജെനീഷ് പി.ജോസ്, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.വിജു വാഴക്കാല, വാഴച്ചാൽ ഡി.എഫ്.ഐ എസ്.വി വിനോദ്, ചാലക്കുടി തഹസിൽദാർ വി.കെ രാജു, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.