tribal
പോത്തുകല്ലിൽ കുടിൽകെട്ടി താമസിക്കുന്ന ആദിവാസികളെ കാണാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും എത്തിയപ്പോൾ

അതിരപ്പിള്ളി: ആനക്കയം ആദിവാസി കോളനിയിൽ നിന്നും ചേക്കേറി പോത്തുകല്ലിൽ കുടിൽകെട്ടി താമസിക്കുന്ന ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്. ജില്ലാ കളക്ടർ ഹരിത വി.കുമാറിനൊപ്പം പോത്തുകല്ല് സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഇവിടുത്തെ കാടിന്റെ മക്കളുടെ വിവരം യഥാസമയം സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. പട്ടികവർഗ, വനം വകുപ്പുകളും വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിക്കാനുണ്ട്. ഇത് ലഭ്യമാകുന്ന മുറയ്ക്ക് പുനഃരധിവാസ നടപടികൾ തുടങ്ങും-ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. കുടിൽകെട്ടി താമസിക്കുന്ന കുടുംബങ്ങളുടെ പ്രാഥമികാവശ്യങ്ങൾക്ക് അടിയന്തിരമായി പോർട്ടബിൽ ബാത്ത് റൂമുകൾ ഒരുക്കുമെന്ന് ജില്ലാ കളക്ടർ ആദിവാസികളെ അറിയിച്ചു. പ്രാഥമിക ആവശ്യത്തിന് സംവിധാനം, വൈദ്യുതി, ഫെൻസിംഗ് സംവിധാനം എന്നീ ആവശ്യങ്ങൾ ഉൾപ്പെടുന്ന നിവേദനം ഊരുമൂപ്പൻ ചന്ദ്രൻ ജില്ലാ കളക്ടർക്ക് നൽകി. പ്രളയത്തെതുടർന്ന് 25 കുടുംബങ്ങളാണ് വീടുകൾ ഉപേക്ഷിച്ച് പാറപ്പുറത്ത്് അഭയം പ്രാപിച്ചിരുന്നത്. പിന്നീട് ഇവർക്ക്് തവളക്കുഴിപ്പാറ കോളനിയിലേക്ക് പോകുന്ന പ്രദേശമായ പോത്തുകല്ലിൽ സ്ഥലം നൽകാൻ വനംവകുപ്പ് തീരുമാനിച്ചു. ഔദ്യോഗിക തീരുമാനം വരുംമുമ്പെ കുടുംബങ്ങൾ ഇവിടെ എത്തി കുടിൽകെട്ടി താമസം ആരംഭിച്ചു. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ്് കെ.കെ റിജേഷ്, ജില്ലാ പഞ്ചായത്തംഗം ജെനീഷ് പി.ജോസ്, മുൻ ബ്ലോക്ക് പഞ്ചായത്ത്് പ്രസിഡന്റ് അഡ്വ.വിജു വാഴക്കാല, തഹസിൽദാർ വി.കെ രാജു, ഡി.എഫ്.ഒ എസ്.വി വിനോദ്് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പോത്തുകല്ലിൽ കുടിൽകെട്ടി താമസിക്കുന്ന ആദിവാസികളെ കാണാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും എത്തിയപ്പോൾ.