ചാലക്കുടി: കൊവിഡ് വ്യാപനം തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കാൻ നഗരസഭ ഓഫീസിൽ നടന്ന ജനപ്രതിനിധി, ഉദ്യോഗസ്ഥ സംയുക്ത യോഗത്തിൽ തീരുമാനം. വ്യാപാരി പ്രതിനിധികളും സംബന്ധിച്ച യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ കൈകൊണ്ടത്.
കൊവിഡ് പരിശോധന വർദ്ധിപ്പിക്കുന്നതിനും സമ്പർക്കത്തിൽപ്പെടുന്നവരെ പ്രത്യേകം നിരീക്ഷിച്ച് ക്വാറന്റൈൻ ഉറപ്പ് വരുത്തുന്നതിനും നടപടികൾ സ്വീകരിക്കും. കൊവിഡ് പിടിപെടുന്നവരെ വീടുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ ഡി.സി.സികളിൽ എത്തിക്കും. കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത് സംബന്ധിച്ച് കൂടുതൽ പ്രചരണങ്ങൾ നൽകും. നഗരസഭ അതിർത്തിക്കുള്ളിൽ കൊവിഡ് വ്യാപനം കൂടുതലുള്ള സ്ഥലങ്ങളെ പ്രത്യേകമായി തിരിച്ച് കർശന നിയന്ത്രണങ്ങൾ നടപ്പാക്കാൻ പൊലീസ് ഇടപെടൽ നടത്തും. വിവിധതരത്തിലുളള കൂടിചേരലുകളും വ്യാപന സാധ്യതകളും തടയാൻ സെക്ടറൽ മജിസ്‌ട്രേറ്റുമാർ പരിശോധനകൾ കർശനമാക്കും. തുടങ്ങിയ തീരുമാനങ്ങളാണ് സ്വീകരിച്ചത്.
ചെയർമാൻ വി.ഒ പൈലപ്പൻ അദ്ധ്യക്ഷനായി. പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.എസ് സന്ദീപ്, സെക്ടറൽ മജിസ്‌ടേറ്റർമാരായ സ്‌നേഹ, ബീന, വ്യാപാരി പ്രതിനിധികളായ ജോയ് മൂത്തേടൻ, ജോബി മേലേടത്ത്, സി.കെ വിൽസൻ, വൈസ് ചെയർപേഴ്‌സൻ സിന്ധു ലോജു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജു എസ്. ചിറയത്ത്, കെ.വി പോൾ, എം.എം അനിൽകുമാർ, നിത പോൾ, സി. ശ്രീദേവി, പ്രതിപക്ഷ നേതാവ് സി.എസ് സുരേഷ്, പാർലിമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ, കൗൺസിലർ വൽസൻ ചമ്പക്കര, നഗരസഭ സൂപ്രണ്ട് ജോസ് ആന്റോ, ഹെൽത്ത് സൂപ്പർവൈസർ പോൾ തോമാസ് എന്നിവർ സംബന്ധിച്ചു.