വരന്തരപ്പിള്ളി: മംഗലംതണ്ടിൽ രാവുംപകലും നാട്ടുകാരെ മുൾമുനയിൽ നിർത്തി ഭീതിപരത്തിയ കാട്ടുകൊമ്പൻ കാട് കയറി. കൂട്ടംതെറ്റി ബുധനാഴ്ച രാത്രിയിൽ ജനവാസമേഖലയിലെത്തി വ്യാപകമായി കൃഷിനാശം വിതച്ച കൊമ്പൻ വ്യാഴാഴ്ച പുലർച്ചെയാണ് കാട്ടിലേക്ക് മടങ്ങിയത്. വരന്തരപ്പിള്ളി കുന്നത്തുപാടത്ത് ഇറങ്ങിയ ആന വീട്ടുപറമ്പുകളിൽ വാഴയും തെങ്ങും നശിപ്പിച്ചാണ് മംഗലംതണ്ടിൽ എത്തിയത്. ഒരുപകൽ മുഴുവൻ സ്വകാര്യ വ്യക്തിയുടെ പറമ്പിലും കർഷകർ ഉപേക്ഷിച്ച പൈനാപ്പിൾ തോട്ടത്തിലും നിലയുറപ്പിച്ച കൊമ്പനെ കാടുകയറ്റാൻ വനപാലകർ ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നു. ഒടുവിൽ ആന വീടുകൾക്കിടയിലേക്ക് ഇറങ്ങാതിരിക്കാൻ വനപാലകർ കാവൽ നിന്നു. വ്യാഴാഴ്ച രാത്രിയായിട്ടും ആന പറമ്പിൽ നിൽപ്പായിരുന്നു. നാട്ടിലേക്കിറങ്ങിയ വഴിയിലൂടെതന്നെ ആനയെ കാട്ടിലേക്ക് വിടാനായിരുന്നു വനപാലകരുടെ ശ്രമം. അതിനിടെ മറ്റൊരിടത്തേക്ക് മാറിയ ആനയെ പിന്നീട് കണ്ടെത്താൻ കഴിഞ്ഞില്ല. വ്യാഴാഴ്ച പുലർച്ചെ വീട്ടുപറമ്പുകളിൽ നാശനഷ്ടം വരുത്തിയ കൊമ്പൻ വേപ്പൂർ ശ്രീരാമക്ഷേത്രത്തോട് ചേർന്നുള്ള വഴിയിലൂടെ തേക്ക് തോട്ടത്തിലേക്ക് കടക്കുകയായിരുന്നു. തേക്ക് തോട്ടത്തിൽ തമ്പടിച്ചിരിക്കുന്ന ആനക്കൂട്ടത്തിനൊപ്പം കൊമ്പൻ എത്തിയതായാണ് വനപാലകർ പറയുന്നത്. എന്നാൽ കൊമ്പൻ ആനക്കൂട്ടത്തോടൊപ്പം എത്തിയിട്ടില്ലന്നും പത്താഴപാറ കാട്ടിൽ ഉണ്ടെന്നും നാട്ടുകാരിൽ ചിലർ അറിയിച്ചു. പകൽ സമയം ആനയെ കാട്ടിലേക്ക് തിരിച്ചയക്കാൻ വനപാലകർ തയ്യാറായില്ലെന്നും പകൽ സമയത്തായിരുന്നെങ്കിൽ ആനയെ കാണാമെന്നുമാണ് നാട്ടുകാരുടെ പ്രതികരണം. ആനക്കൂട്ടം ഇനിയും നാട്ടിലേക്കിറങ്ങാനുള്ള സാദ്ധ്യതയുണ്ടെന്നും അധികൃതർ പറയുന്നു. പടക്കം പൊട്ടിച്ചാലും ശബ്ദമുണ്ടാക്കിയാലും അവിടേക്ക് തിരിയുന്ന അപകടകാരിയായ കൊമ്പൻ ഇനിയും നാട്ടിലേക്കിറങ്ങുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.