കൊടുങ്ങല്ലൂർ: ടി.പി.ആർ നിരക്ക് ഉയർന്ന നഗരസഭ പ്രദേശത്തെ ചായക്കടകളെല്ലാം പൊലീസ് അടപ്പിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ തട്ടുകടകളിലും ചായക്കടകളിലും ചായ കൊടുക്കുന്നത് ഡിസ്‌പോസിബിൾ കപ്പുകളിലാണ്. കപ്പുകൾ വലിച്ചെറിയുന്നതും ചായ കുടിക്കാൻ ആളുകൾ കൂട്ടം കൂടുന്നതും കൊവിഡ് വ്യാപനത്തിന് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് പൊലീസ് നടപടി. പാർസൽ മാത്രം നൽകാമെന്ന വ്യവസ്ഥയിലാണ് ഹോട്ടലുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നത്. എന്നാൽ തട്ടുകടക്കാർക്ക് ഇത് പ്രായോഗികമല്ല. നഗരസഭ പ്രദേശത്തെ പത്തോളം ചായക്കടകളാണ് ഇന്നലെ പൊലീസ് നിർദ്ദേശത്തെ തുടർന്ന് അടച്ചത്.