shop-
കുന്നംകുളം നഗരത്തിൽ തുറന്ന വസ്ത്ര വ്യാപാര സ്ഥാപനം


കുന്നംകുളം: നീണ്ട നാളുകൾക്ക് ശേഷം ലഭിച്ച ഇളവുകളുടെയും നിയന്ത്രണങ്ങളുടെയും അടിസ്ഥാനത്തിൽ നഗരത്തിൽ വെളളിയാഴ്ച്ച കടകമ്പോളങ്ങളെല്ലാം തുറന്നു. കൊവിഡ് രോഗികളുടെ എണ്ണത്തിലുള്ള ഗണ്യമായ വർദ്ധനവിൽ കുന്നംകുളം കഴിഞ്ഞ രണ്ട് ആഴ്ചയായി ഡി കാറ്റഗറിയിലേക്ക് മാറിയിരുന്നു. ഇതേതുടർന്ന് നഗരത്തിൽ വലിയ നിയന്ത്രങ്ങൾ നിലനിൽക്കെയാണ് കഴിഞ്ഞ ദിവസം വാരാന്ത്യത്തിലുള്ള ടി.പി.ആർ 14.70 ആയ സാഹചര്യത്തിൽ കുന്നംകുളം നഗരസഭ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. വ്യാഴാഴ്ച്ച ഇളവുകളുടെ മാർഗ നിർദ്ദേശങ്ങൾ ജില്ലാ കളക്ടർ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ നഗരത്തിൽ തുണിക്കടകൾ, ഫാൻസി കടകൾ, ബേക്കറികൾ, മൊബൈൽ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ, ഇലക്ട്രോണിക്‌സ് കടകൾ എന്നിവക്ക് പുറമെ ആഹാര സാധനങ്ങൾ വിൽക്കുന്ന കടകൾ, റേഷൻ കടകൾ, പലചരക്ക് കടകൾ, പാലും പാലുൽപ്പന്നങ്ങളും വിൽക്കുന്ന കടകൾ, പഴം, പച്ചക്കറി കടകൾ, മീനും ഇറച്ചിയും വിൽക്കുന്ന കടകൾ, മൃഗങ്ങൾക്കും പക്ഷികൾക്കുമുള്ള തീറ്റവിൽക്കുന്ന കടകൾ, ബേക്കറികൾ, വിത്ത്, വളം കീടനാശിനികൾ വിൽക്കുന്ന കടകൾ എന്നിവയും തുറന്നിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 7 മണി മുതൽ വൈകുന്നേരം 8 മണി വരെ തുറന്നു പ്രവർത്തിക്കാം. ഡി കാറ്റഗറിയിലുള്ള മേഖലകളിൽ വൈകീട്ട് 7 മണി വരെ മാത്രമെ പ്രവർത്തിക്കാൻ അനുവാദമുള്ളു. ഹോട്ടലുകളിൽ ഹോം ഡെലിവറി സൗകര്യം ഉണ്ടാകും. വസ്ത്രവ്യാപര സ്ഥാപനങ്ങളിലും മറ്റ് കടകമ്പോളങ്ങളിലും സാമൂഹ്യ അകലവും കോവിഡ് സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്.
ഇൻഷുറൻസ് സ്ഥാപനങ്ങൾ, മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾ, പണ്ടം പണയം, കുറികമ്പനികൾ ഉൾപ്പടെ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തനം അനുവദിക്കും. എന്നാൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഇടപാടുകാർക്ക് അനുമതിയില്ല. ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കാം. ഇടപാടുകാരെ പ്രവേശിപ്പിക്കാം. എന്നാൽ ഡി കാറ്റഗറികളിൽപ്പെട്ട പ്രദേശങ്ങളിൽ 25 ശതമാനം ജീവനക്കാരെ മാത്രംവെച്ച് ഓഫീസ് പ്രവർത്തനങ്ങൾ മാത്രം നടത്തേണ്ടതാണ്. ബാങ്കുകളുടെ ക്ലിയറിംഗ് ഹൗസുകൾക്ക് എല്ലാ ദിവസവും പ്രവർത്തിക്കാം.