കയ്പമംഗലം: ശക്തമായ തിരമാലയിൽ വള്ളത്തിൽ നിന്നും തെറിച്ച് വീണ് തൊഴിലാളിക്ക് പരിക്ക്. പി. വെമ്പല്ലൂർ സ്വദേശി തായാട്ട് വീട്ടിൽ ജയന് (50) ആണ് പരിക്കേറ്റത്. ഇയാളെ മൂന്നുപീടിക ഗാർഡിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴോടെ കമ്പനിക്കടവിൽ നിന്ന് മത്സ്യ ബന്ധനത്തിനിറങ്ങിയ പെരിഞ്ഞനം സ്വദേശി പോണത്ത് ബാബുവിന്റെ ചാവൽ ദേത്താ ബാബ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.

കരയിൽ നിന്ന് 30 മീറ്റർ അകലെ വലിയ തിരയിൽപ്പെട്ട് ആടിയുലഞ്ഞ വള്ളത്തിൽ നിന്ന് ജയൻ ഉൾപ്പെടെ മൂന്ന് പേർ തെറിച്ച് വീഴുകയായിരുന്നു. ഉടനെ കരയിലുണ്ടായിരുന്ന മത്സ്യതൊഴിലാളികളും, ഫിഷ് ലാൻഡിംഗ് സെന്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ വി.എൻ പ്രശാന്ത്, വാർഡൻ സനൽ എന്നിവർ ചേർന്നാണ് മൂവരെയും സാഹസികമായി രക്ഷപ്പെടുത്തിയത്. വള്ളത്തിന്റെ എൻജിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.