വടക്കാഞ്ചേരി: ഭരതൻ സംഗീതത്തിലും പ്രതിഭയായിരുന്നുവെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. വടക്കാഞ്ചേരി കേരള വർമ്മ പബ്ലിക് ലൈബ്രറിയിൽ നടന്ന ഇരുപത്തി മൂന്നാമത് ഭരതൻ സ്മൃതി 'ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ഭരതൻ തനിക്ക് ഗുരുതുല്ല്യനാണെന്ന് ഔസേപ്പച്ചൻ അനുസ്മരിച്ചു. ഗാനരചന മുതൽ ഈണം നൽകുന്നത് വരെ ഇടപെടലുകൾ നടത്തുന്ന സംവിധായകനായിരുന്നു ഭരതൻ. ഭരതൻ സിനിമകളിലെ പാട്ടുകൾ എല്ലാ അർത്ഥത്തിലും ഭരതന്റെ പാട്ടുകളാണെന്നും ഔസേപ്പച്ചൻ പറഞ്ഞു. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. കെ.പി.എ.സി ലളിത സ്മൃതി ദീപം തെളിച്ചു. നടൻ ജയരാജ് വാര്യർ, ലൈബ്രറി പ്രസിഡന്റ് വി.മുരളി, സെക്രട്ടറി ജി.സത്യൻ എന്നിവർ പ്രസംഗിച്ചു. ഭരതൻ സിനിമകളുടെ ഗാനാലാപനവും നടന്നു.
ഭരതൻ സ്മൃതിയുടെ ഭാഗമായി നടന്ന ചടങ്ങിൽ കെ.പി.എ.സി.ലളിത സ്മൃതി ദീപം തെളിയിക്കുന്നു.