തൃശൂർ: പെരിങ്ങാവ് ധന്വന്ത്വരി ക്ഷേത്ര ദേവസ്വം ഭരണസമിതിയുടെ നേതൃത്വത്തിൽ മെഗാ കൊവിഡ് പ്രതിരോധ വാക്‌സിനേഷൻ ക്യാമ്പ് നടത്തി. പെരിങ്ങാവ് ക്ഷേത്രത്തിനു സമീപം പ്രത്യേകം സജ്ജീകരിച്ച പന്തലിലായിരുന്നു ക്യാമ്പ്. കൊച്ചി ആസ്റ്റർ മെഡിസിറ്റിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ 500 പേർക്ക് കുത്തിവെയ്പ്പ് നൽകി. വാക്‌സിൻ ക്ഷാമം മൂലം തട്ടകത്തിലുള്ളവരുടെ നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് ദേവസ്വം കുറഞ്ഞനിരക്കിൽ വാക്‌സിൻ നൽകിയത്. ക്ഷേത്രം ട്രസ്റ്റി ഡോ: വാസുദേവൻ മൂസ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആസ്റ്റർ മെഡിസിറ്റിയിലെ ഡോ. ശ്രുതി, പെരിങ്ങാവ് ദേവസ്വം ഭാരവാഹികളായ ഇ. കൃഷ്ണൻ, അഡ്വ.എം.സി മനോജ് കുമാർ, രാജീവ് പൊലിയേടത്ത്, രാമചന്ദ്രൻ കടവിൽ, സി.ആർ വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.