പാവറട്ടി: മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരെ പൊതുസമൂഹവും ജനങ്ങളും ജാഗ്രത പുലർത്തണമെന്ന് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്തും പ്രവർത്തന മികവ് കൊണ്ട് എത്തിചേർന്ന ആരോഗ്യ കേന്ദ്രമാണ് മുല്ലശ്ശേരിയിലേത്. കിടത്തി ചികിത്സക്ക് വേണ്ടി 20 ലക്ഷം രൂപ വകയിരുത്തി 36 ഓക്‌സിജൻ കിടക്കകൾ ഒരുക്കുന്നതിന്റെ അവസാനഘട്ടത്തിലെത്തി നിൽക്കുന്നു. രാത്രി സമയത്ത് ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തുന്നതിനായി ആഗസ്റ്റ് 5, 6, തിയ്യതികളിൽ ഡോക്ടറുടെ
ഇന്റർവ്യു നടത്തുും. ഗൈനോക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കാൻ ശ്രമിക്കും. സർക്കാർ നൽകുന്ന മരുന്ന് എപ്പോഴെങ്കിലും കുറവ് വന്നാൽ മരുന്ന് വാങ്ങിക്കുന്നതിനായി 4 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. വാക്‌സിൻ വിതരണവും സുഗമമായാണ് നടക്കുന്നത്. കഴിഞ്ഞ ഒരു വാക്‌സിൻ ദിനത്തിൽ ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന രീതിയിൽ തിരക്കുണ്ടാക്കി ഫോട്ടോയെടുത്ത് സാമൂഹിക മാധ്യമങ്ങളിലും പത്രങ്ങളിലും നൽകിയതായി ശ്രദ്ധയിൽപെട്ടതായും ഇക്കാര്യം പൊലിസിന് പരാതിയായി നൽകുമെന്നും ലതി വേണുഗോപാൽ പറഞ്ഞു. വൈസ് പ്രസിഡന്റ് നിഷ സുരേഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലീന ശ്രീകുമാർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.വി പ്രബീഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.