ചേലക്കര: വാക്‌സിൻ വിതരണത്തിലെ അഴിമതിയും രാഷ്ട്രീയ പക്ഷപാതവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചേലക്കര ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തിൽ ചേലക്കര താലൂക്ക് ആശുപത്രിയുടെ മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ദിവസങ്ങളായി താലൂക്കാശുപത്രിയിൽ വരുന്ന വാക്‌സിൻ ജനപ്രതിനിധികളെയും ആശാവർക്കർമാരെയും അറിയിക്കാതെ താലൂക്ക് ആശുപത്രി സൂപ്രണ്ടും മറ്റ് ഉദ്യോഗസ്ഥരും ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയും ഒത്തുകളിച്ച് സ്വന്തം പാർട്ടിക്കാർക്കും ഉദ്യോഗസ്ഥരുടെ വേണ്ടപെട്ടവർക്കും നൽകിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കാലത്ത് 5 മണി മുതൽ ക്യൂ നിൽക്കുന്ന പാവങ്ങൾ വൈകുന്നേരം വരെ ക്യൂവിൽനിന്ന് വാക്‌സിൻ കിട്ടാതെ തിരിച്ചുപോവുകയാണ്. എന്നാൽ ഉദ്യോഗസ്ഥ, രാഷ്ട്രീയ സ്വാധീനമുള്ളവർ ക്യൂവിൽ നിൽക്കാതെ ടോക്കൺ എടുക്കാതെ വാക്‌സിൻ എടുത്ത് പോവുകയാണ്. ഈ സാഹചര്യം അംഗീകരിക്കാൻ കഴിയില്ലെന്ന് ചേലക്കര പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഒ.ബി.സി കോൺഗ്രസ് ജില്ലാ ചെയർമാനുമായ ടി. ഗോപാലകൃഷ്ണൻ പറഞ്ഞു കുത്തിയിരിപ്പ് സമരത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് ചെറിയാൻ മുസ്ലിംലീഗ് നിയോജകമണ്ഡലം സെക്രട്ടറി പി.എം റഫീക്ക്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.പി ഷാജി, ജനപ്രതിനിധികളായ എ. അസനാർ, കെ.എസ് കേശവൻകുട്ടി, സതീഷ് മുല്ലക്കൽ, വിനോദ് പന്തലാടി, സഹദേവൻ പള്ളത്ത്, സജീവ് തേലക്കാട്ട്, മുഹമ്മദ് കുട്ടി രജീഷ് തോന്നൂർക്കര എന്നിവർ സംസാരിച്ചു.