ആമ്പല്ലൂർ: അളഗപ്പനഗർ പോസ്റ്റോഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒരുഭാഗം ഇടിഞ്ഞു വീണു. കാലപ്പഴക്കമുള്ള കെട്ടിടം അറ്റകുറ്റപ്പണി ചെയ്യാതെ ജീർണാവസ്ഥയിലായിരുന്നു. പ്രധാന റോഡിനോട് ചേർന്നുള്ള കെട്ടിടത്തിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം തകർന്ന് വീണത്. ആർക്കും പരിക്കില്ല. അളഗപ്പ ടെക്‌സ്‌റ്റൈൽസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് കാലങ്ങളായി വാടകക്ക് പോസ്റ്റോഫീസ് പ്രവർത്തിക്കുന്നത്. എന്നാൽ അധികൃതരുടെ അവഗണന മൂലം അറ്റകുറ്റപ്പണി ഒന്നും നടത്താറില്ല. ദിവസേന നൂറുകണക്കിനാളുകൾ വരുന്ന പോസ്റ്റോഫീസ് കെട്ടിടത്തിന്റെ ഉൾഭാഗവും ശോച്യാവസ്ഥയിലാണ്. ചോർന്നൊലിച്ച് കമ്പ്യൂട്ടറും വൈദ്യുതി ഉപകരണങ്ങളും നശിക്കുമെന്നായപ്പോൾ കഴിഞ്ഞ വർഷം കമ്പനി ചെലവിൽ പോസ്റ്റോഫീസ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ ടാർപോളിൻ മേഞ്ഞിരുന്നു. എന്നാൽ ഓടിട്ട കെട്ടിടത്തിന്റെ ദ്രവിച്ച് തുടങ്ങിയ പട്ടികകൾ മാറ്റാനോ അറ്റകുറ്റപ്പണി നടത്താനോ അധികൃതർ തയ്യാറായിട്ടില്ല.