തൃശൂർ: ജില്ലയിലെ ഹോമിയോ ആശുപത്രികൾ അടിമുടി മാറുന്നു. സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടികളുടെ ഭാഗമായാണ് ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങളൊരുങ്ങുന്നത്. പൂത്തോളിലെ ജില്ലാ ഹോമിയോ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ വരുന്നു. അടുത്ത വർഷം ആദ്യം പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കും. ജില്ലാ ഹോമിയോ ആശുപത്രിക്ക് വേണ്ടി പൂത്തോളിൽ നിർമിച്ചുകൊണ്ടിരിക്കുന്ന പുതിയ ആശുപത്രി കെട്ടിടത്തിലെ നാല്, അഞ്ച് നിലകളുടെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായാണ് കെട്ടിടത്തിന്റെ പണി പൂർത്തീകരിക്കുന്നത്. ഇതിന്റെ ഭാഗമായി 2020-21 വർഷത്തിലെ വിവിധ പദ്ധതികൾ ഹോമിയോപ്പതി വകുപ്പിന് കീഴിൽ ജില്ലയിൽ പുരോഗമിക്കുന്നു. അയ്യന്തോൾ സർക്കാർ ഹോമിയോ ഡിസ്പെൻസറി പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി തൃശൂർ കോർപ്പറേഷൻ 2020-21 വർഷത്തിൽ 70 ലക്ഷം അനുവദിച്ചിരുന്നു. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുവരികയാണ്. വരുന്ന ആഗസ്റ്റ് മാസത്തിൽ പണി പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
അന്തിക്കാട് സർക്കാർ ഹോമിയോ ഡിസ്പെൻസറി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ഡിസ്പെൻസറി കെട്ടിടം നവീകരിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് നാല് ലക്ഷം രൂപയും ജില്ലാപഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും അനുവദിച്ചു. ഇവിടുത്തെ നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഡിസ്പെൻസറിയുടെ നവീകരണ പ്രവർത്തനങ്ങൾ ഈ വർഷം അവസാനത്തോടെ പൂർത്തീകരിക്കും.
അരിമ്പൂർ സർക്കാർ ഹോമിയോ ഡിസ്പെൻസറി പുതിയ കെട്ടിടം നിർമിക്കുന്നതിനായി 10,10,000 രൂപ അനുവദിച്ചു. ഇലക്ട്രിക്ക് വർക്കുകൾ ഒഴികെ ബാക്കി എല്ലാ പണികളും പൂർത്തീകരിക്കുകയും ചെയ്തു. കഴിഞ്ഞ ജൂലൈ 12ന് പുതിയ കെട്ടിടത്തിലേക്ക് സ്ഥാപനം പ്രവർത്തനം മാറ്റുകയും ചെയ്തിട്ടുണ്ട്.