കൊടുങ്ങല്ലൂർ: പ്രധാന വാണിജ്യകേന്ദ്രമായ കോട്ടപ്പുറം ചന്തയിൽ കൊവിഡ് നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് ആക്ഷേപം. കൊടുങ്ങല്ലൂർ നഗരസഭാ പ്രദേശം തുടർച്ചയായി ഡി കാറ്റഗറിയിൽ ഉൾപ്പെടുന്ന സാഹചര്യത്തിലാണ് കോട്ടപ്പുറം ചന്തയിൽ ഉൾപ്പടെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ നഗരസഭ തീരുമാനിച്ചത്.
ചന്ത ദിവസമായ വ്യാഴാഴ്ച്ച കോട്ടപ്പുറത്ത് കൊവിഡ് പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ക്യാമ്പ് നടത്തുമെന്ന വാക്ക് പാലിക്കാൻ നഗരസഭാ അധികൃതർക്ക് കഴിഞ്ഞില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുമെന്ന ഉറപ്പ് പാലിക്കാൻ വ്യാപാരി സംഘടനാ പ്രതിനിധികൾക്കും സാധിച്ചില്ല. സാനിറ്റൈസറോ, കൈ കഴുകാനുള്ള സംവിധാനമോ ഇല്ലാതെയാണ് പല ചില്ലറ വില്പന കച്ചവട സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. മാസ്‌ക് ശരിയാംവണ്ണം ധരിക്കണമെന്ന നിർദ്ദേശവും ഇവിടെ പലപ്പോഴും പാലിക്കപ്പെടുന്നില്ല. ചന്തയിലെ വ്യാപാരികൾക്കും, തൊഴിലാളികൾക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന നിർദ്ദേശവും പാലിക്കപ്പെടുന്നില്ല. നിലവിലുള്ള സാഹചര്യം തുടർന്നാൽ കൊടുങ്ങല്ലൂരിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രം ഏറ്റവും വലിയ കൊവിഡ് ബാധിത കേന്ദ്രമായി മാറുമെന്ന ഭീതിയിലാണ്.
വ്യാപാരി തൊഴിലാളി സംഘടനാ പ്രതിനിധികൾ പങ്കെടുത്ത യോഗം തീരുമാനം
കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് കൈവശമില്ലാത്തവരുടെ പേരിൽ നിയമ നടപടി
മാർക്കറ്റ് ദിവസങ്ങളിൽ ഉച്ചക്ക് രണ്ട് വരെ മാത്രമെ കടകൾ പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളു
കയറ്റിറക്ക് പ്രവൃത്തി രണ്ട് മണിക്ക് അവസാനിപ്പിക്കണം
മറ്റ് ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ മാത്രമെ ചന്ത പ്രവർത്തിക്കാൻ പാടുള്ളു
കടകളിൽ ഒരേ സമയംമൂന്ന് പേരിൽ കൂടുതൽ പ്രവേശിക്കാൻ പാടില്ല
കടകളിൽ നിർബന്ധമായും സാനിറ്റൈസർ, സന്ദർശകരുടെ ലിസ്റ്റ് എന്നിവ ഉണ്ടായിരിക്കണം
സ്ഥാപനങ്ങളിൽ ആരെങ്കിലും പോസറ്റീവ് ആയാൽ ആ സ്ഥാപനം രണ്ട് ദിവസം അടച്ചിടണം
അണുനശീകരണം നടത്തിയ ശേഷം മാത്രമേ തുറക്കാവു
പലചരക്ക്, പച്ചക്കറി, പഴങ്ങൾ, ബേക്കറി, ഉണക്ക മീൻ തുടങ്ങിയ കടകൾ മാത്രമെ പ്രവർത്തിക്കാൻ പാടുള്ളൂ
നിയന്ത്രണങ്ങൾ ലംഘിക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ പേരിൽ കേസെടുക്കും
തുടർന്നും ലംഘനം തുടർന്നാൽ ലൈസൻസ് റദ്ദാക്കും
സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്ന ശനി, ഞായർ ദിവസങ്ങളിൽ ലോക്ക് ഡൗൺ വ്യവസ്ഥകൾ കർശനമായി പാലിക്കണം