കുന്നംകുളം: നഗരത്തിൽ പലയിടങ്ങളിലായി ഓട്ടോറിക്ഷാ പാർക്കിംഗ് പുനക്രമീകരിക്കുന്നതിന്റെ ഭാഗമായി നഗരസഭയും സംയുക്ത തൊഴിലാളി യൂണിയനുകളുടെയും നേതൃത്വത്തിൽ നഗരത്തിൽ പരിശോധന നടത്തി. നേരത്തെയുള്ള ട്രാഫിക്ക് അഡൈ്വസറി യോഗ തീരുമാനപ്രകാരം ഗുരുവായൂർ റോഡിലും വടക്കാഞ്ചേരി റോഡിലും ഓട്ടോറിക്ഷകൾ ഇടുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. എന്നാൽ ഇവിടെയെല്ലാം പാർക്ക് ചെയ്ത് ഓടുന്ന ഓട്ടോറിക്ഷകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് വിവിധ യൂണിയനുകൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യം ഉന്നയിച്ച് ഇവർ നഗരസഭയ്ക്കും പൊലീസിനും പരാതി നൽകി. ഇതേതുടർന്നാണ് വടക്കാഞ്ചേരി, ഗുരുവായൂർ റോഡുകളിൽ പാർക്ക് ചെയ്ത് ഓടുന്ന ഓട്ടോറിക്ഷകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉണ്ടായത്. ഇതുപ്രകാരം വടക്കാഞ്ചേരി റോഡിൽ 20 ഓട്ടോറിക്ഷകൾ വരെ പാർക്ക് ചെയ്ത് ഓടാനും ഗുരുവായൂർ റോഡിൽ 15 എണ്ണം വരെ ഇടുന്നതിനും ധാരണയായി. പുതിയ ബസ് സ്റ്റാൻഡിന് മുൻവശത്തായി 15 ഓട്ടോറിക്ഷകളെകൂടി ഉൾപ്പെടുത്തിക്കൊണ്ട് ഓട്ടോറിക്ഷാ പാർക്കിംഗ് വിപുലപ്പെടുത്തും. ബസ് സ്റ്റാൻഡിലെ എതിർവശത്തെ റോഡിനോട് ചേർന്ന് പുതിയ ഓട്ടോറിക്ഷ പാർക്കിംഗ് ക്രമീകരിക്കുന്നതിനും ധാരണയായി. നഗരസഭാ വൈസ് ചെയർമാൻ പി.എം സുരേഷ്, വാഹന തൊഴിലാളി യൂണിയൻ നേതാക്കളായ അഡ്വ. സിബി രാജീവ്, സി.കെ രവി, ബിജു എന്നിവരും ഉണ്ടായിരുന്നു. പുതിയ ഓട്ടോറിക്ഷകളുടെ എണ്ണം ക്രമീകരിച്ചുള്ള റിപ്പോർട്ട് അടുത്ത ദിവസം നഗരസഭാ ചെയർപേഴ്‌സന് സമർപ്പിക്കും.