കൊടുങ്ങല്ലൂർ: നഗരസഭയിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ കർശനശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് നഗരസഭാ ജനപ്രതിനിധികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം തീരുമാനിച്ചു. രോഗം ബാധിച്ചവരും അവരുടെ കുടുംബാംഗങ്ങളും ക്വാറന്റൈനിലുള്ളവരും പുറത്തിറങ്ങി നടന്നാൽ അവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കും. കെട്ടിയടച്ച വഴികൾ ബലമായി തുറന്നിട്ടു പോകുന്നവരെയും ശിക്ഷാ നടപടികൾക്ക് വിധേയരാക്കും. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ വീടുകളിൽ എത്തിച്ചു നൽകുന്നതിന് വാർഡുകളിൽ ആർ.ആർ.ടി അംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്തണം. ചായക്കടകളിലും ഹോട്ടലുകളിലും ചായ, ഭക്ഷണസാധനങ്ങൾ എന്നിവ വിളമ്പുന്നവർക്കെതിരെ കേസെടുക്കുന്നതിനും പിഴയടപ്പിക്കുന്നതിനും കട ഒരാഴ്ചക്കാലം അടച്ചുപൂട്ടുന്നതിനും തീരുമാനിച്ചു. ഞായർ പൊലീസിന്റെ മൊബൈൽ വാഹനമുപയോഗിച്ച് നഗരപ്രദേശത്ത് വ്യാപകമായ ടെസ്റ്റുകൾ നടത്തും. നഗരത്തിൽ പൊലീസിനെ വിന്യസിക്കുകയും ഒരു പൊലീസ് വാഹനം പൂർണ്ണമായും നഗരസഭ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തുകയും ചെയ്യും. ചെയർപേഴ്‌സൺ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ. ആർ. ജൈത്രൻ, ഡിവൈ.എസ്.പി സലീഷ് എൻ.എസ്, ഇൻസ്‌പെക്ടർ ബ്രിജുകുമാർ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ എന്നിവർ സംബന്ധിച്ചു.