അന്തിക്കാട്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ കർശന നടപടികളുമായി അന്തിക്കാട് പഞ്ചായത്തും പൊലീസും ആർ.ആർ.ടി പ്രവർത്തകരും രംഗത്തിറങ്ങി. ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വന്നിട്ട് ഏതാനും ദിവസങ്ങൾ പിന്നിട്ടതിന് ശേഷമാണ് കർശന നടപടികളുമായി അധികൃതർ രംഗത്തെത്തിയത്.
ആദ്യഘട്ടമെന്നോണം അഭ്യർത്ഥനയും നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും അധികൃതർ നൽകിയിരുന്നു. എന്നാൽ അതെല്ലാം പാടെ അവഗണിക്കുന്ന സമീപനമാണ് പൊതുവിൽ ഉണ്ടായത്. ഇതോടെയാണ് കർശന പരിശോധനകളിലേക്കും അടച്ചു പൂട്ടലുകളിലേക്കും നീങ്ങേണ്ടിവന്നത്. അന്തിക്കാട് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ശനിയാഴ്ച 98 പേരെ ആന്റിജൻ പരിശോധക്ക് വിധേയരാക്കിയതിൽ 30 പേർക്ക് പോസിറ്റീവായി. ഇതിൽ 19 പേരും അഞ്ചാം വാർഡിലുള്ളവരാണ്. 68 പേരാണ് ശനിയാഴ്ച ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയരായിട്ടുള്ളത്. ഇവരുടെ റിസൾട്ട് രണ്ട് ദിവസം കഴിഞ്ഞേ ലഭിക്കു.
ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന പഞ്ചായത്തുകളിൽ ഭൂരിഭാഗം ചെറുചായ കടകളും രഹസ്യമായി പ്രവർത്തിക്കുന്നുണ്ട്. ഏതാനും ചില ചായകടകളുടെ മുന്നിൽ കൂട്ടമായി ആളുകൾ ചായ കുടിക്കുന്ന കാഴ്ചയും പതിവാണ്. ശനിയാഴ്ച അന്തിക്കാട് അഞ്ചാം വാർഡിൽ ആറ് റോഡുകളാണ് അടച്ചു പൂട്ടിയത്. അന്തിക്കാട് പൊലീസ് ഇൻസ്പക്ടർ പ്രശാന്ത് ക്ലിന്റ്, എസ്.ഐ ശ്രീജിത്ത് എ.കെ, വാർഡ് അംഗം ശരണ്യ രജീഷ്, ആർ.ആർ.ടി പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.