ഗുരുവായൂർ: ദേവസ്വം ആനത്താവളത്തിലെ കൊമ്പൻ കീർത്തിയുടെ ദേഹത്തെ പൊള്ളൽപ്പാടുകൾ വിസർജ്യമുള്ള മണ്ണിൽ നിന്നെന്ന് നിഗമനം. ആനചികിത്സാ വിദഗ്ധർ ഇന്നലെ കീർത്തിയെ പരിശോധിച്ചു. മനുഷ്യ വിസർജ്യമടങ്ങിയ മണ്ണ് ദേഹത്തേയ്ക്ക് വാരിയെറിഞ്ഞപ്പോഴുള്ള പാടുകളാകാമെന്നാണ് ആനചികിത്സാ വിദഗ്ധരുടെ നിഗമനം. വനംവകുപ്പിന്റെ നിർദ്ദേശ പ്രകാരം ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാമും ദേവസ്വത്തിന്റെ ആവശ്യപ്രകാരം ഡോ.പി.ബി ഗിരിദാസ്, ജന്തുദ്രേഹ നിവാരണ സമിതി ഇൻസ്‌പെക്ടർ പി.അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ശനിയാഴ്ച പരിശോധനയ്‌ക്കെത്തിയത്. ആനകളുടെ തൊലി കട്ടിയുള്ളതാണെങ്കിലും അലർജിയുണ്ടായാൽ പെട്ടെന്ന് മുറിവേൽക്കുമെന്ന് ഡോ.പി.ബി ഗിരിദാസ് പറഞ്ഞു. അത് ദിവസങ്ങളോളം അങ്ങനെ കിടക്കുകയും ചെയ്യും. മുറിവിന് നല്ല ഉണക്കമുണ്ടെന്ന് വെറ്റിനറി സർജനും പറഞ്ഞു. ആനകൾക്ക് ഇനിയും ഇതുപോലുള്ള പൊള്ളൽപ്പാടുകളുണ്ടാകാതിരിക്കാൻ കെട്ടുതറികളിലെ മണ്ണ് മാറ്റാനും പുതിയത് നിരത്താനും വിദഗ്ധ സംഘം ദേവസ്വത്തെ അറിയിച്ചിട്ടുണ്ട്.