നന്തിക്കര: അവശത അനുഭവിക്കുന്ന വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ആശ്വാസമായി സംസ്ഥാനത്ത് ആദ്യമായി പറപ്പൂക്കര പഞ്ചായത്തിൽ വാതിൽപ്പടി സേവനം ആരംഭിച്ചു. തദ്ദേശ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ ഓൺലൈനായി പദ്ധതി ഉദ്ഘാടനം ചെയ്തു. കെ.കെ രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മുഖ്യാതിഥിയായി. ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അനൂപ്, ജില്ലാ പഞ്ചായത്തംഗം ലത ചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. കെ ഷൈലജ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കാർത്തിക ജയൻ, പി.ടി കിഷോർ, പഞ്ചായത്തംഗങ്ങളായ കെ.സി പ്രദീപ്, ബീന സുരേന്ദ്രൻ, എൻ.എം പുഷ്പാകരൻ, സെക്രട്ടറി കെ. അജിത, ജനറൽ കൺവീനർ എം. കെ അശോകൻ എന്നിവർ പങ്കെടുത്തു.
സാമൂഹിക സുരക്ഷാ പെൻഷൻ അപേക്ഷ നൽകൽ, മസ്റ്ററിംഗ്, ലൈഫ് സർട്ടിഫിക്കറ്റ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ നൽകൽ, ജീവൻരക്ഷാ മരുന്നുകൾ എത്തിക്കൽ തുടങ്ങി സേവനങ്ങൾ ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും. പഞ്ചായത്ത് നിയോഗിക്കുന്ന വളണ്ടിയർ സേനയുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തനം.