തൃശൂർ: കോർപ്പറേഷൻ പരിധിയിൽ ടി.പി.ആർ നിരക്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ വിവിധ മേഖലകളിലായി മെഗാ ആന്റിജൻ ടെസ്റ്റ് ക്യാമ്പുകൾ നടത്താൻ കൗൺസിലർമാരുടെ യോഗം തീരുമാനിച്ചു. ജനങ്ങളുടെ ഭീതി ഒഴിവാക്കാനും നടപടിയെടുക്കുമെന്ന് മേയർ എം.കെ വർഗീസ് അറിയിച്ചു.
ജനസംഖ്യയ്ക്ക് ആനുപാതികമായി വാക്‌സിൻ ലഭിക്കണമെന്നും ആവശ്യപ്പെട്ടു. ഓണം അടുത്ത സാഹചര്യത്തിലാണ് കോർപ്പറേഷൻ ആറിടത്ത് ആന്റിജൻ ടെസ്റ്റ് നടത്തുന്നത്. ക്യാമ്പുകളിലേക്ക് കൗൺസിലർമാർ മുൻകൈയെടുത്ത് ആളുകളെ എത്തിക്കണം. ഇക്കാര്യത്തിൽ എല്ലാവരുടേയും സഹകരണമുണ്ടാകണമെന്നും തീരുമാനിച്ചു. 3600 പേരെ പ്രതിദിനം പരിശോധിക്കും. 20 ദിവസമായാണ് ക്യാമ്പ്. ടി.പി.ആർ നിരക്ക് 10 ശതമാനത്തിനു താഴേക്ക് എത്തിക്കണം. അതല്ലെങ്കിൽ കൂടുതൽ ശക്തമായ നിലയിൽ ലോക്ഡൗണിലേക്കു പോകേണ്ട സാഹചര്യമുണ്ടാകുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
തുടർന്ന് മേയറുടെ അധ്യക്ഷതയിൽ വ്യാപാര, സാമൂഹ്യ, രാഷ്ട്രീയ, തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗം ചേർന്നു. പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശക്തൻ പുനരധിവാസ ഷെഡ്, ഒല്ലൂർ വൈലോപ്പിള്ളി സ്‌കൂൾ, ചേറൂർ എൻ.എസ്. യു.പി സ്‌കൂൾ, അയ്യന്തോൾ നിർമല യു.പിസ്‌കൂൾ, കാളത്തോട് യു.പി സ്‌കൂൾ, കൂർക്കഞ്ചേരി സോണൽ ഓഫീസ് തുടങ്ങി ആറു കേന്ദ്രങ്ങളിലാണ് മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നത്. 20 വരെ തുടരും. മെഗാ ടെസ്റ്റ് ക്യാമ്പ് നടത്താനുള്ള പ്രാരംഭ നടപടികൾ പൂർത്തീകരിച്ചതായി മേയർ അറിയിച്ചു.