കെ.വി ജയൻ
ചാലക്കുടി: കോഴിക്കോട് നിന്നും തലസ്ഥാന നഗരിയലേക്ക് കാൽനട യാത്ര ചെയ്താലൊന്നും ഇന്ധന വില കുറയാൻ പോകുന്നില്ലെന്ന് അൻസിൽ ഹസ്സന് നല്ല ബോധ്യമുണ്ട്. എന്നിരുന്നാലും സുഹൃത്ത് ഷാഹുൽ ഹമീദിനേയും കൂട്ടി നടക്കുകയാണ്. കൊവിഡിന് നടുവിലൂടെ നിരത്തുകൾ താണ്ടുന്ന യുവാക്കൾക്ക് ഉത്തമവിശ്വാസമുണ്ട് നടത്തം വെറുതെയാവില്ലെന്നും തോന്നുംപോലെ ഇന്ധനവില കൂട്ടുന്ന പ്രവണതക്കെതിരെയുള്ള സന്ദേശമാകും അതെന്നും. 21 കാരൻ അൻസിൽ കോഴിക്കോട് വെസ്റ്റ് കൈതപ്പൊയിൽ താണ്ടിയേക്കൽ ഹസന്റെ മകനാണ്. പ്ലസ് ടുവിന് ശേഷം ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ചു. സാമ്പത്തിക പ്രയാസത്താൽ കൈവശമുണ്ടായിരുന്ന ബൈക്കും വിറ്റു. പഴയതൊന്ന് വാങ്ങാൻ തുനിഞ്ഞാലും പെട്രോൾ അടിക്കാനാണ് പ്രയാസം. സാധാരണക്കാന് ബൈക്ക് അപ്രാപ്യമാകുന്ന അവസ്ഥയാണ് വിലവർദ്ധനയുണ്ടാക്കിയത്. ജോലിയ്ക്കുള്ള ശ്രമത്തിനിടെ അൻസിലിനെ ഇത്തരത്തിലൊരു നടത്തത്തിന് പ്രേരിപ്പിച്ചതും അതാണ്. വാട്ട്‌സ് ആപ്പ് കൂട്ടായ്മയിലൂടെ പരിചയപ്പെട്ട മലപ്പുറം താനൂരിലെ തറയിൽ സലാവുദ്ദീന്റെ മകനാണ് സഹയാത്രികൻ ഷാഹുൽ ഹമീദ്. ബക്രീദിന്റെ പിറ്റേന്ന് തുടങ്ങിയ നടത്തം 11 ദിവസം പിന്നിടുന്നു. എറണാകുളം ജില്ലാ അതിർത്തി കടന്ന ഇവർക്ക് ഇനിയും 330 കിലോമീറ്റർ കൂടി താണ്ടണം. രാവിലെ 9ന് തുടങ്ങുന്ന കാൽനടയാത്ര വൈകീട്ട് 3 ന് തീരും. തുടർന്നാണ് ഉച്ചഭക്ഷണം. ഇതിനിടെ പരിചയപ്പെടുന്നവരുടെ സഹായത്തിൽ എവിടെയെങ്കിലും ടെന്റ് കെട്ടി അന്തിയുറങ്ങും. ഇതിനകം പല സന്മനസുകളും ഭക്ഷണവും അൽപ്പം പണവും നൽകി. തലസ്ഥാന നഗരിയിലെത്തി ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയ ശേഷമുള്ള തിരിച്ചുവരവ് എങ്ങനെ വേണമെന്ന് യുവാക്കൾ ഇപ്പോൾ തീരുമാനിച്ചിട്ടില്ല.
അൻസിലും ഷാഹുൽ ഹമീദും ചാലക്കുടിയിൽ എത്തിയപ്പോൾ.