kodum-valavu

കല്ലമ്പലം: വർക്കല - കല്ലമ്പലം റോഡിൽ വടശ്ശേരിക്കോണം തിയറ്റർ ജംഗ്ഷനും ഞെക്കാടിനും ഇടയ്ക്കുള്ള കൊടുംവളവിൽ അപകടങ്ങൾ തുടർക്കഥയായിട്ടും നടപടിയില്ല. കഴിഞ്ഞ ദിവസം ബൈക്കുകൾ കൂട്ടിയിടിച്ചതാണ് ഒടുവിലത്തെ സംഭവം. നിസാരമായ പരിക്കുകൾ ആയതിനാൽ കേസിനും പൊല്ലാപ്പിനും പോകാതെ ഇരു കൂട്ടരും രമ്യതയിൽ പിരിഞ്ഞു. ഡിസംബർ 26 ന് രാത്രി ബൈക്കും മിനിലോറിയും കുട്ടിയിടിച്ച് മണമ്പൂർ സ്വദേശി വിനീഷ് (28) കൊല്ലപ്പെട്ടതും ഈ വളവിലാണ്.

കഴിഞ്ഞ ആറു മാസത്തിനിടയിൽ പതിനഞ്ചോളം അപകടങ്ങൾ നടന്നതായി നാട്ടുകാർ പറയുന്നു. മുമ്പ് ഇതേ വളവിൽ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് വർക്കല സ്വദേശികളായ ബൈക്ക് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചികിത്സയിൽ ഇരിക്കെ മരിക്കുകയും ചെയ്തു. അതിനും മുമ്പ് രാത്രി കല്ലമ്പലം ഭാഗത്തുനിന്ന് വന്ന കാർ വളവിൽ നിയന്ത്രണം തെറ്റി തൊട്ട് താഴെയുള്ള വീടിന്റെ മതിൽ തകർത്ത് അകത്തു കടക്കുകയും കാറിലുണ്ടായിരുന്ന മൂന്നു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അതിൽ കൊല്ലം സ്വദേശികളായ രണ്ടു പേർ ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ഒരു ഡസനിലേറെ ജീവനുകൾ പൊലിഞ്ഞു എന്നാണ് കണക്ക്. അപകടത്തിൽ കൈ - കാലുകൾക്ക് ഗുരുതര പരിക്കേറ്റ് മാസങ്ങളായി ചികിത്സയിൽ കഴിയുന്നവരുടെ കണക്കുകൾ വേറെ. കാർ മറിഞ്ഞ ശേഷം സംരക്ഷണവേലി കെട്ടിയെങ്കിലും അപകടങ്ങൾ പലപ്പോഴും ഭാഗ്യംകൊണ്ട് തെന്നിമാറുന്നു എന്നാണ്‌ സ്ഥലത്തെ വർക്ക് ഷോപ്പ് ജീവനക്കാരും നാട്ടുകാരും പറയുന്നത്.

പ്രശ്ന മേഖലയായിട്ടും ജാഗ്രതാനിർദ്ദേശം നൽകുന്ന ഒരു ബോർഡ് പോലും സ്ഥാപിക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. അശാസ്ത്രീയമായ റോഡ്‌ നിർമ്മാണമാണ് അപകടങ്ങൾ പതിവാകാൻ കാരണമെന്നും ആക്ഷേപമുണ്ട്.

കഴിഞ്ഞ 6 മാസത്തിനിടയിൽ നടന്നത് 15 ഓളം അപകടങ്ങൾ

കൊടുംവളവ് കെണിയാകുമ്പോൾ

കൊടും വളവിൽ അമിത വേഗത്തിൽ മറ്റ് വാഹനങ്ങളെ മറികടന്ന് എത്തുമ്പോൾ എതിർ ദിശയിൽ വരുന്ന വണ്ടികളിൽ ഇടിച്ചാണ് കൂടുതലും അപകടങ്ങൾ ഉണ്ടായിട്ടുള്ളത്.

മറ്റു കാരണങ്ങൾ

1)അമിതവേഗത
2)കൊടുംവളവും കുത്തിറക്കവും

3)അശാസ്ത്രീയ റോ‌ഡ് നിർമ്മാണം

സ്ഥിരം അപകട മേഖല - സൂചനാ ബോർഡുകളും ഇല്ല

അപകട മേഖലയായതിനാൽ അപകട സൂചനാബോർഡുകളും, സ്പീഡ് ലിമിറ്റ് ബോർഡുകളും സ്ഥാപിക്കണം. രാത്രിയിലെ അപകടങ്ങൾ കുറയ്ക്കാൻ നല്ല പ്രകാശമുള്ള ലൈറ്റുകളും ആവശ്യമാണ്.

പ്രദീപ്‌ ശിവഗിരി,

സംസ്ഥാന പഞ്ചായത്ത് മെമ്പ‌ർ അസോസിയേഷൻ പ്രസിഡന്റ്