ചിറയിൻകീഴ്: പറയാനൊരു റോഡുണ്ട്. പക്ഷെ സഞ്ചരിക്കാനാവില്ല. അത്രയ്ക്ക് അപകടങ്ങൾ പതിയിരിക്കുന്ന റോഡാണിത്. പറഞ്ഞുവരുന്നത് വാമനപുരം നദിക്ക് സമീപത്തുകൂടി കടന്നുപോകുന്ന പുളിമൂട്ടിൽകടവ് - കരിന്ത്വാക്കടവ് റോഡിനെക്കുറിച്ചാണ്. മാസങ്ങൾക്ക് മുമ്പാണ് റോഡ് വേലി കെട്ടി അടച്ചത്. അന്നുമുതൽ ഇതുവഴിയുള്ള യാത്രക്കാർ ദുരിതമനുഭവിക്കുകയാണ്.
ഏകദേശം നാല്പത് മീറ്ററോളം റോഡിന്റെ മദ്ധ്യഭാഗം വരെ തകർന്ന നിലയിലാണ്. അതിനാൽ സമീപത്തെ വീട്ടുകാരെല്ലാം അപകടഭീതിയിലാണ്. ഗതാഗതം സാദ്ധ്യമല്ലാത്തതിനാൽ പല വീട്ടുകാർക്കും അവരവരുടെ വാഹനങ്ങൾ വീട്ടിലെത്തിക്കാനോ പുറത്തിറക്കാനോ കഴിയുന്നില്ല.
മഴക്കാലമാകുമ്പോൾ ഇവിടത്തുകാരുടെ നെഞ്ചിടിപ്പേറും. ഈ റോഡിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച സൈഡ് വാൾ പല ഭാഗത്തും തകർന്നതാണ് ഇവിടെ അപകടങ്ങൾക്ക് കാരണമാകുന്നത്. അധികൃതർ റോഡ് തകർന്ന നാല്പത് മീറ്റർ ഭാഗത്ത് മാത്രം സൈഡ് വാൾ നിർമിച്ച് സംരക്ഷിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് അറിയുന്നത്. അത് ഭാവിയിൽ ഇത്തരം അവസ്ഥ റോഡിന്റെ തുടർന്നുള്ള ഭാഗത്ത് ഉണ്ടാകുമെന്നും അതിനാൽ കരുന്ത്വാക്കടവ് വരെയും റോഡ് സൈഡ് വാൾ കെട്ടി സംരക്ഷിക്കണമെന്നാണ് പൊതുജനാഭിപ്രായം. വയോധികരും കുട്ടികളുമടക്കം നൂറുക്കണക്കിന് ആൾക്കാർ ആശ്രയിക്കുന്ന റോഡിന്റെ പുനരുദ്ധാരണത്തിന് കാലതാമസം വരുത്താതെ എത്രയും വേഗം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രധാന പ്രശ്നം - റോഡിന് സൈഡ് വാൾ ഇല്ല
2020ൽ തകർന്നു
2020 സെപ്തംബർ 21നാണ് ശക്തമായ മഴയിൽ ഊറ്റ് വെള്ളം റോഡിനടിയിലൂടെ ഊർന്ന് ഇറങ്ങി റോഡ് താഴ്ന്ന് ഒരു ഭാഗം ഇടിഞ്ഞ് ആറ്റിലേക്ക് വീണത്. അതോടെയാണ് ഈ റോഡിന്റെ നാശവും ആരംഭിക്കുന്നത്.
മരണം രണ്ട്
ഇതു വഴിയുള്ള യാത്ര അപകടം പിടിച്ചതാണെങ്കിലും നിവർത്തിയില്ലാതെ പ്രദേശവാസികൾ റോഡ് ഉപയോഗിച്ചു. ഇതിനിടയിൽ ഇക്കഴിഞ്ഞ മാർച്ചിൽ ഇതു വഴി പോയ കാർ നദിയിലേക്ക് മറിഞ്ഞ് കാറിൽ ഉണ്ടായിരുന്ന പരിസരവാസികളായ രണ്ട് പേർ മരിച്ചു. തുടർന്ന് റോഡിന്റെ പുനഃരുദ്ധാരണത്തിനുള്ള മുറവിളി ശക്തമായി. ഒടുവിൽ റോഡിലൂടെയുള്ള ഗതാഗതം തടഞ്ഞ് അധികൃതർ വേലി കെട്ടി.
പുളിമൂട്ടിൽക്കടവ് - കരുന്ത്വാക്കടവ് റോഡിന്റെ പുനഃരുദ്ധാരണത്തിനായുളള ടെൻഡർ നടപടികൾ നടന്നുവരികയാണ്. മേജർ ഇറിഗേഷനാണ് നിർമാണ ചുമതല.
ആർ. സരിത, വാർഡ് മെമ്പർ
ക്യാപ്ഷൻ: വേലി കെട്ടി അടച്ച പുളിമൂട്ടിൽകടവ് - കരിന്ത്വാക്കടവ് റോഡ്