വിതുര: പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് തോട്ടുമുക്ക് പേരയത്തുപാറ ജംഗ്ഷനിൽ നിന്ന് ചായം-അരുവിക്കരമൂല ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കുള്ള റോഡ് ഇപ്പോൾ ചെളിക്കളമാണ്. ഈ റോഡിലൂടെയുള്ള യാത്ര ദുരിതമായി മാറിയിട്ട് വർഷങ്ങളേറയായി. മഴക്കാലമായാൽ വാഹനയാത്രയും കാൽനടയാത്രയും അസാദ്ധ്യമാകും. മാത്രമല്ല റോഡിൽ അപകടങ്ങൾ നടക്കാത്ത ദിനങ്ങൾ വിരളമാണ്. നിരവധി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുകയും അനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അപകടപരമ്പര തന്നെ അരങ്ങേറിയിട്ടും നടപടികൾ സ്വീകരിക്കാറില്ല. റോഡിനെ ആശ്രയിക്കുന്ന മണലയം, ജ്ഞാനിക്കുന്ന് പുത്തൻവീട്, മഹാത്മാജംഗ്ഷൻ, മൺപുറം, മാങ്കാട് തുടങ്ങിയ സ്ഥലങ്ങളിലെ താമസക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ചായം മാങ്കാട് റോഡിൽ നിന്ന് സുബ്രഹ്മണ്യ ക്ഷേത്ര നടയിലൂടെ പേരയത്തുപാറ സംസ്ഥാനപാതയിൽ അവസാനിക്കുന്ന ഈ ഇടറോഡിന് രണ്ടു കിലോമീറ്റർ നീളമുണ്ട്.
കഴിഞ്ഞയാഴ്ചയുണ്ടായ ശക്തമായ മഴയിൽ റോഡ് പൂർണമായും വെള്ളത്തിനടിയിലായി ഗതാഗതതടസ്സം അനുഭവപ്പെട്ടു. മഴക്കാലമായതോടെ റോഡ് ചെളിക്കെട്ടായി മാറുകയും ഇതുവഴി കാൽനടപോലും സാദ്ധ്യമല്ലാത്ത അവസ്ഥയിലാകുന്നതും പതിവാണ്. റോഡിന്റെ വശങ്ങൾ ഇടിയുന്നതും മറ്റൊരു പ്രശ്നമാണ്. ടാപ്പിംഗ് തൊഴിലാളികൾ ഉൾപ്പെടെയുള്ള യാത്രക്കാരാണ് ഏറെ ദുരിതമനുഭവിക്കുന്നത്.
**റോഡിന്റെ നീളം..... 2 കി.മീ
** തകർന്ന് തരിപ്പണമായി റോഡ്
കൈത്തോടിന്റെ വശത്തായതിനാൽ മഴക്കാലത്ത് വഴിയിൽ വെള്ളം കയറുക പതിവാണ്. നടവഴികൂടിയായ ഇവിടെ കഴിഞ്ഞ ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ക്ഷേത്രത്തിനു മുന്നിലെ കുറച്ചു ഭാഗം കോൺക്രീറ്റ് ചെയ്തിരുന്നു. എം.എൽ.എ ഫണ്ട് വിനിയോഗിച്ച് പേരയത്തുപാറയിൽ നിന്നും കുറച്ച് ദൂരം കോൺഗ്രീറ്റ് ചെയ്തിട്ടുണ്ട്. ബാക്കി ഭാഗമാണ് തകർന്ന് തരിപ്പണമായി കിടക്കുന്നത്.
** നടപ്പാകാത്ത വാഗ്ദാനങ്ങൾ
റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് അനവധി സമരങ്ങൾ നടന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് വേളകളിൽ വോട്ട് തേടിയെത്തുന്ന രാഷ്ട്രീയക്കാർക്ക് മുമ്പിൽ വോട്ടർമാർ റോഡിന്റെ പ്രശ്നം അവതരിപ്പിക്കാറുണ്ട്. വിജയിപ്പിച്ചാൽ ശരിയാക്കിത്തരാമെന്ന് വാഗ്ദാനം നടത്താറുണ്ടെങ്കിലും കാര്യം സാധിച്ചാൽ തിരിഞ്ഞുനോക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നിയമസഭാതിരഞ്ഞെടുപ്പ് വേളയിലും റോഡ് പ്രശ്നം ഉടലെടുത്തിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.