1

പൂവാർ: കൊവിഡ് വ്യാപനവും തു‌ട‌‌ർന്നുവന്ന ലോക്ക് ഡൗണും കാരണം ഗ്രാമങ്ങളിലെ സോഡാനി‌ർമ്മാണമേഖല പ്രതിസന്ധിയിൽ. ജില്ലയിലെതന്നെ ഏകദേശം 250 ഓളം ചെറുകിട യൂണിറ്റുകളാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. ഓരോ യൂണിറ്റും പ്രതിദിനം 150 മുതൽ 1000 കെയ്സോളം സോഡകൾ വരെ ഉത്പാദിപ്പിച്ചിരുന്നതായി നിർമ്മാതാക്കൾ പറയുന്നു. വേനൽക്കാലമാകുമ്പോൾ ഇത് ഇരട്ടിയാകും. സോഡ ഉപയോഗിച്ച് വിപണിയിൽ വ്യത്യസ്ഥ രുചി പാനിയങ്ങൾ നിർമ്മിക്കാന തുടങ്ങിയതോടെ സോഡനിർമ്മാണവും വ‌ർദ്ധിച്ചു. ഇത്തരമൊരു സീസണാണ് ഇപ്പോൾ കൊവിഡ് കാരണം നഷ്ടമായത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മിക്ക സോഡാനിർമ്മാണ യൂണിറ്റുകളും പൂട്ടിയിട്ടിരിക്കുകയാണ്. ലോക്ക്ഡൗൺ വന്നതോടെ അസംസ്കൃത വസ്ഥുക്കളുടെ വിലക്കയറ്റവും ഒരു പരിധിവരെ നിർമ്മാണയൂണിറ്റുകളെ പിടിച്ചുലച്ചു. വ്യവസായ സ്ഥാപനത്തിലെ വരുമാനം മുന്നിൽകണ്ട് ലോണുകളും മറ്റും മുടങ്ങി. കറണ്ട്, വാട്ടർ ബില്ലുകളും കട വാടകയും തൊഴിലാളികൾക്കുള്ള കൂലിയും എല്ലാം കുടിശികയായി. ഉപയോഗിക്കാതെ കേടുവന്ന മിഷ്യനുകൾ നന്നാക്കാൻ ഇനിയും തുക വേണ്ടിവരും. കൊവിഡ് പ്രതിസന്ധികൾ മാറി വ്യവസായങ്ങൾ പുനരാരംഭിക്കുമ്പോൾ ഇവ ഏതുതരതതിൽ പുനർ ക്രമീകരിക്കാൻ കഴിയുമെന്നതിലും ആശങ്കയുണ്ട്.

ദുരിതത്തിലായത്..... 250ഓളം യൂണിറ്റുകൾ

ഒരുദിവസം ഉത്പാദിപ്പിക്കുന്നത്....... 150 മുതൽ 1000 കെയ്സുകൾ

പിടിച്ചുലച്ച് ലോക്ക് ഡൗൺ
ആട്ടോമെറ്റിക്, സെമി ആട്ടോമെറ്റിക്ക് മെഷ്യനുകളാണ് യൂണിറ്റുകളിൽ സ്ഥാപിച്ചിട്ടുള്ളത്. പഴയകാല കറക്ക് മെഷ്യൻ ഉപയോഗിക്കുന്ന സ്ഥലങ്ങളും ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഒരു ചെറുകിട യൂണിറ്റ് പ്രവർത്തിപ്പിക്കാൻ മിനിമം 6 തൊഴിലാളികൾ വേണ്ടിവരും. 45 മുതൽ 9 വരെ കിലോ വരുന്ന ഗ്യാസ് സിലിണ്ടർ ഇതിനായി വിപണിയിൽ ലഭ്യമാണ്. 45 ന് 1200 രൂപയും 9ന് 200 രൂപയുമാണ് ഇപ്പോഴത്തെ വില. അര എച്ച്.പി മുതലുള്ള വോട്ടറുകളും പ്രവർത്തിപ്പിക്കുന്നുണ്ട്. കൂടാതെ കുപ്പി, പ്ലാസ്റ്റിക്ക് കെയ്സ്, അടപ്പ് എന്നിവയും ആവശ്യമാണ്. 9 കിലോ ഗ്യാസ് ഉപയോഗിച്ച് 30 ബോക്സ് (30 x 24) സോഡ നിർമ്മിക്കാൻ കഴിയുമെന്ന് സൂര്യാ സോഡ നിർമ്മാതാവ് അരുമാനൂർ മോഹനൻ പറഞ്ഞു.

ഗ്യാസ് സിലിഡറിന്റെ വില

9 കിലോ......... 200 രൂപ

45 കിലോ......... 1200 രൂപ

കടമ്പകൾ താണ്ടി

ഒരു യൂണിറ്റ് പ്രവർത്തിപ്പിക്കാൻ നിരവധി കടമ്പകൾ താണ്ടേണ്ടതായുണ്ട്. ഫുഡ് സേഫ്റ്റി, പൊലൂഷൻ, ലീഗൽ മെട്രോളജി, വാട്ടർ അതോറിട്ടി, സാനിറ്ററി സർട്ടിഫിക്കറ്റുകളും കൂടാതെ എസ്.എസ്.ഐ രജിസ്ട്രേഷനും ആവശ്യം വേണ്ടതാണ്. ചെറുകിട യൂണിറ്റുകൾക്ക് പഞ്ചായത്ത് ലൈസൻസ് വേണ്ട എങ്കിലും പലപ്പോഴും അവരുടെ ഇടപെടൽ ഉണ്ടാകാറുണ്ട് എന്നും നിർമ്മാണ യൂണിറ്റ് ഉടമകൾ പറയുന്നു.

ലോക്ക് ഡൗൺ ഇളവുകൾ വന്നെങ്കിലും സോഡാ കച്ചവടക്കാരുടെയും തൊഴിലാളികളുടെയും ജീവതം ദുരിത പൂർണമായി. പ്രശ്നം പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണം.

ആർ. ശ്രീകുമാർ, ട്രഷറർ, കേരള സോഡാ സോഫ്റ്റ് ഡ്രിംഗ്സ് പ്രൊഡ്യൂസേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ